Site iconSite icon Janayugom Online

2047ല്‍ വികസിതരാഷ്ട്രമെന്നത് മോഡിയുടെ കാപട്യം

2047ഓടെ രാജ്യം ‘അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും’ സ്ഥാനമില്ലാത്ത വികസിതരാഷ്ട്രമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവകാശവാദത്തെ ചോദ്യംചെയ്തു പ്രതിപക്ഷ ഇന്ത്യ സഖ്യകക്ഷികൾ രംഗത്ത്. ജി20 ഉച്ചകോടിക്ക് മുന്നോടിയായി മോഡി വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ സംബന്ധിച്ച അവകാശവാദങ്ങൾ മുന്നോട്ടുവച്ചത്.
ഡൽഹിയിലെ ചേരികളുടെ ശോചനീയാവസ്ഥയും ജനങ്ങളുടെ ദരിദ്ര ജീവിതങ്ങളും അതിഥികളിൽനിന്നും മറച്ചുവയ്ക്കാൻ തിരക്കിട്ടു കൂറ്റൻമറകൾ ഉയർത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അവകാശവാദമെന്ന് സിപിഐ ജനറൽസെക്രട്ടറി ഡി രാജയടക്കം ഇന്ത്യ സഖ്യനേതാക്കൾ ചൂണ്ടിക്കാട്ടി. രാജ്യം ചരിത്രത്തിലെ ഏറ്റവും കടുത്ത തൊഴിലില്ലായ്മയും ഭക്ഷ്യവിലക്കയറ്റവും കൊണ്ട് വീർപ്പുമുട്ടുമ്പോഴാണ് ഈ കാപട്യമെന്നും അവർ പറഞ്ഞു. 

1947ലെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെപ്പറ്റി യാതൊന്നും പറയാനില്ലാത്ത, കോളനി വാഴ്ചക്കെതിരായ സമരത്തിൽ യാതൊരു സംഭാവനയും നൽകാത്ത ബിജെപിയും സംഘ്പരിവാറും 2047നെപ്പറ്റി പറയുന്നത് വിചിത്രവും വിരോധാഭാസവുമാണെന്ന് സിപിഐ ജനറൽസെക്രട്ടറി പറഞ്ഞു. രാജ്യത്തെ ജാതീയതയുടെയും വർഗീയതയുടെയും ഉറവിടം ആർഎസ്എസും വലതുപക്ഷ യാഥാസ്ഥിതിക ഹിന്ദുത്വവും അതിന്റെ ഉല്പന്നമായ ബിജെപിയുമാണ്. മനുസ്മൃതിയടക്കം ജാതീയതയുടെയും വർഗീയതയുടെയും പ്രത്യയശാസ്ത്രത്തെ തള്ളിപ്പറയാൻ പ്രധാനമന്ത്രിയെ രാജ വെല്ലുവിളിച്ചു.
ജാതീയതയെ നിർമ്മാർജനം ചെയ്യാൻ മോഡിക്കോ ബിജെപിക്കോ കഴിയില്ല. അഡാനിയും വേദാന്തയും ഉൾപ്പെടെ വൻകിട കോർപറേറ്റുകളുടെ വഞ്ചനയ്ക്കും രാഷ്ട്രസമ്പത്തിന്റെ കൊള്ളയ്ക്കും കൂട്ടുനിൽക്കുന്ന മോഡി ഭരണകൂടം അവർക്കെതിരെ രാജ്യാന്തര തലത്തിൽ ഉയർന്നുവന്ന ആരോപണങ്ങളോട് മൗനം പാലിക്കുകയാണ്. ഈ മൗനം അഴിമതിയല്ലെങ്കിൽ മറ്റെന്താണ്-രാജ ആരാഞ്ഞു. മോഡിഭരണത്തിൽ നടക്കുന്ന അഴിമതികളെപ്പറ്റി സിഎജി റിപ്പോർട്ട് ആവശ്യത്തിലേറെ വെളിപ്പെടുത്തലുകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2047ല്‍ വര്‍ഗീയതയും അഴിമതിയും ഇല്ലാതാക്കുമെന്ന് മോഡി 

ന്യൂഡല്‍ഹി: കാല്‍ നൂറ്റാണ്ടു കഴിയുമ്പോള്‍ രാജ്യത്ത് ജാതി, വര്‍ഗീയത, അഴിമതി എന്നിവയ്ക്കൊന്നും സ്ഥാനമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജി20 ഉച്ചകോടിക്ക് മുമ്പായി വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മോഡിയുടെ പരാമര്‍ശം.
2047ഓടെ നമ്മള്‍ വികസിത രാജ്യമാകും. സമീപഭാവിയിൽ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നാകും. ഇന്ത്യയുടെ ജി20 ആതിഥേയത്വം മൂന്നാംലോക രാജ്യങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. കശ്മീരിലെയും അരുണാചലിലെയും ജി20 ഉച്ചകോടികളിൽ പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പുകളും അദ്ദേഹം തള്ളി. 

ഏറെക്കാലം ഇന്ത്യയെ നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായാണ് കണ്ടിരുന്നത്. എന്നാൽ, ഇന്ന് ഇന്ത്യ നൂറുകോടി പ്രതീക്ഷാഭരിത മനസുകളുടെ രാജ്യമാണ്. മാർഗനിർദേശത്തിനായി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണ്. നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നത് ഭാവിയിലേക്കുള്ള റോഡ് മാപ്പായാണ്, ആശയങ്ങൾ മാത്രമായല്ല.
ജി20 അധ്യക്ഷതയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ എന്നത് വെറും മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ സാംസ്കാരിക ധാർമികതയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു സമഗ്ര തത്ത്വചിന്തയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം ചർച്ചയും നയതന്ത്രവും മാത്രമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

Eng­lish Sum­ma­ry: A devel­oped nation in 2047 is Mod­i’s hypocrisy

You may also like this video

Exit mobile version