Site iconSite icon Janayugom Online

നാലംഗ കുടുംബത്തിനെ മരിച്ചനിലയില്‍ കണ്ടെത്തി ; മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് നിഗമനം

സൗത്ത് മൈസൂരിവില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബിസിനസുകാരനായ ചേതൻ (45), മാതാവ് പ്രിയംവദ (65), ഭാര്യ രൂപാലി (43), മകൻ കുശാൽ (15) എന്നിവരാണ് മരിച്ചത്. ഇതിൽ ചേതന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹത്തിന്റെ മുഖം പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു. മറ്റുള്ളവരെ വിഷം ഉള്ളിൽ ചെന്ന നിലയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ചേതൻ സ്വയം ജീവനൊടുക്കിയതാണെന്നാണ് പൊലീസ് അനുമാനം. കൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

യുഎഇയിൽ എൻജിനീയറായി ജോലി നോക്കിയ ചേതൻ 2019 ലാണ് മൈസൂരിലേക്ക് തിരിച്ചെത്തിയത്. ശേഷം വിദ്യാർത്ഥികൾക്ക് വിദേശത്ത് ജോലി ശരിയാക്കി നൽകുന്ന സ്ഥാപനം ആരംഭിച്ചു. ഞായറാഴ്ച കുടുംബവുമൊത്ത് ക്ഷേത്ര ദർശനം നടത്തിയ ചേതൻ ബന്ധുവീട്ടിലും സന്ദർശനം നടത്തിയിരുന്നു. കൃത്യത്തിനു മുൻപ് ചേതൻ യുഎസിലുള്ള സഹോദരൻ ഭരതനോട് മരിക്കാൻ പോകുന്ന വിവരവും പറഞ്ഞിരുന്നു. തുടർന്ന് ഭരത് മൈസൂരിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും അവര്‍ പൊലീസിൽ ബന്ധപ്പെടുകയുമായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version