Site iconSite icon Janayugom Online

പത്തനംതിട്ടയില്‍ നിന്ന് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുട്ടിയാനയെ കണ്ടെത്തി

പത്തനംതിട്ടയില്‍ ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുട്ടികൊമ്പനെ കണ്ടെത്തി. കുട്ടിയാന കൂട്ടം തെറ്റിയതോ ഉപേക്ഷിക്കപെട്ടതോ ആവാമെന്നാണ് വനപാലകരുടെ നിഗമനം. ഇന്ന് രാവിലെ 7.45 ടെ ചാത്തന്‍തറ കുരുമ്പൻമൂഴി ജങ്ഷനിൽ നിന്നും 300 മീറ്റർ മാത്രം മാറി കൊണ്ടാട്ടുകുന്നേൽ സജുവിന്റെ റബ്ബർ തോട്ടത്തിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. 

റബ്ബർ ടാപ്പിങിനു പോയ എളംപ്ലാകാട്ട് വർഗീസ്‌ ജോസഫാണ് റബ്ബർ മരത്തിനോട് ചേർന്ന് കുട്ടിയാന നിൽക്കുന്നത് ആദ്യം കാണുന്നത്. ഉടൻതന്നെ കണമല ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വെച്ചൂച്ചിറ പൊലീസും റാന്നിയിൽ നിന്ന് റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും സ്ഥലത്തെത്തി. കുട്ടിയാനയെ ഉച്ചവരെ അധികൃതര്‍ മാറിനിന്നു നിരീക്ഷിച്ചു. പാല് കുടിക്കാതെ അവശത അനുഭവിച്ച കുട്ടിയാനയെ പിന്നീട് വനം വെറ്റിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നിർദേശ പ്രകാരം ഏറ്റവും അടുത്തുള്ള വെച്ചൂച്ചിറ മൃഗാശുപത്രിയിലേക്ക് മാറ്റി. 

പ്രാഥമിക ചികിത്സയും ട്രിപ്പും നൽകി ഒരുവിധം ക്ഷീണം മാറിയ ശേഷം കുട്ടിയാനയ്ക്ക് കരിക്കിൻ വെള്ളവും പാലും നൽകി. ഉച്ചക്ക് ശേഷം ക്ഷീണാവസ്ഥ മാറി അൽപ്പനേരം നിന്ന് ഉറങ്ങിയ കുട്ടിയാനയെ പിന്നീട് വനപാലകർ കിടത്തി. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ചു കുട്ടിയാനയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. റാന്നി വനം റേഞ്ച് ഓഫീസർ ബി ദിലീപ്, കണമല ഫോറസ്റ്റ് ഡെപ്പ്യൂട്ടി റേഞ്ച് ഓഫീസർ പി എ സന്തോഷ്, റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങള്‍, വെച്ചൂച്ചിറ മൃഗാശുപത്രി വെറ്റിനറി സർജൻ ഡോ. ആനന്ദ് ആർ കൃഷ്ണൻ എന്നിവര്‍ പ്രാഥമിക ശുശ്രൂഷകളിൽ പങ്കാളികളായി.

Eng­lish Summary:A few hours old cub was found in Pathanamthitta

You may also like this video

Exit mobile version