Site iconSite icon Janayugom Online

അമ്മയുടെ കൺമുന്നിൽ വെച്ച് അഞ്ചുവയസ്സുകാരൻ കുഴൽ കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

രാജസ്ഥാനിലെ ദൗസയിൽ അമ്മയുടെ കൺമുന്നിൽ വെച്ച് അഞ്ചുവയസ്സുകാരൻ കുഴൽ കിണറിൽ വീണു. ഓപ്പറേഷന്‍ ആര്യന്‍ എന്ന് പേരിട്ട രക്ഷാപ്രവര്‍ത്തനം തുടരുന്നു. കയറിന്റെയും മറ്റു ചില ഉപകരണങ്ങളുടെയും സഹായത്തോടെ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നു വരികയാണ്. ശ്വാസം ലഭിക്കാനായി സമാന്തരമായി ട്യൂബ് വഴി ഓക്സിജൻ നൽകിയാണ് രക്ഷാപ്രവർത്തനം. 

കുഴൽക്കിണറിൽ സ്ഥാപിച്ച കാമറയിലൂടെ കുട്ടിയുടെ ചലനം എസ്ഡിആർഎഫ് സംഘം നിരീക്ഷിച്ചുവരികയാണ്. 150 അടി താഴ്ചയുള്ള കുഴൽ കിണറ്റിലാണ് കുട്ടി അകപ്പെട്ടത്. കാളിഖാഡ് ഗ്രാമത്തിലെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ തുറന്ന് കിടന്ന കുഴൽകിണറ്റിൽ വീണത്. വീടിന്റെ 100 അടി മാറിയുള്ള കുഴൽ കിണറിൽ അമ്മയുടെ കൺമുന്നിൽ വെച്ചാണ് കുട്ടി വീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോട് കൂടിയാണ് കുട്ടി കിണറ്റിൽ വീണത്. ഒരു മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തനം ആരംഭിച്ചു. ഈ കുഴൽക്കിണർ മൂന്ന് വർഷം മുമ്പ് കുഴിച്ചെങ്കിലും മോട്ടോർ കുടുങ്ങിയതിനാൽ ഉപയോഗം നിലച്ചിരുന്നു. നിലവിൽ അതേ മോട്ടോറിന് സമീപം തന്നെയാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്.

Exit mobile version