കേരളത്തിന്റെ മാത്രം തനത് നിർമ്മിതികളിൽ ഒന്നായ ആറന്മുള കണ്ണാടിയുടെ ഐതീഹ്യവും നിർമ്മാണ രീതിയും ഒപ്പിയെടുക്കാൻ കൊറിയയിൽ നിന്നുള്ള സംഘം എത്തി. ലോക പ്രശസ്തമായ ആറന്മുള കണ്ണാടിയുടെ ചരിത്രം അറിയാനും രേഖപ്പെടുത്താനുമാണ് വിദേശ സംഘം ആറന്മുളയിലെത്തിയത്. കണ്ണാടിയുടെ ചരിത്രവും പശ്ചാത്തലവും പുറംലോകത്തേക്ക് കൂടുതൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് സംഘം എത്തിയത്. നാടിന്റെ സ്വന്തവും പരമ്പരാഗതമായി നില നിൽക്കുന്നതുമായ ഏഷ്യയിലെ പ്രധാന കരവിരുതുകളെ ചിത്രീകരിക്കുകയും അത് ഡോക്യുമെന്റ് ചെയ്യുകയുമാണ് കൊറിയയിൽ നിന്നുള്ള സംഘത്തിന്റെ ലക്ഷ്യം.
ഒരാഴ്ചയ്ക്ക് മുൻപ് ആറന്മുളയിൽ എത്തിയ സംഘം കണ്ണാടിയുടെ നിർമ്മാണം ആദ്യാവസാനം ചിത്രീകരിച്ചു. ഇതിനായുള്ള മണ്ണ് എടുക്കുന്നത് മുതൽ അവസാന മിനുക്കുപണി വരെ ഇവർ ക്യാമറയിൽ പകർത്തി. പമ്പാ തീരത്ത് മാലക്കരേത്ത് അതിഥി മന്ദിരത്തിൽ താമസിച്ചാണ് ഇവർ ആറന്മുളയുടെ തനത് കൂട്ടിൽ രൂപപ്പെടുന്ന ലോഹക്കണ്ണാടിയുടെ ചരിത്രം ക്യാമറയിലൂടെ ഒപ്പിയെടുക്കുന്നത്.
ഇത്തരത്തിലുള്ള ഡോക്യുമെന്ററികൾ രൂപപ്പെടുത്തുന്ന ലീ ചോങ്ഹോയാണ് സംവിധായകൻ.
പുറം കാഴ്ചകൾക്ക് കൂടാതെ ആറന്മുള കണ്ണാടിയുടെ മുഖ്യക്രാഫ്റ്റ്മാൻ പി ഗോപകുമാറിന്റെ അദിതി ഹാൻഡി ക്രാഫ്ട് സെന്ററിലെ തൊഴിൽ ശാലയിലാണ് ചിത്രീകരണം നടക്കുന്നത്. പാലക്കാട് അലനല്ലൂർ സ്വദേശിയായ ജെ പ്രസാദ് ആറന്മുള കണ്ണാടിയെക്കുറിച്ച് നേരത്തെ ഒരു ഡോക്യുമെന്ററി ചിത്രീകരിച്ചിരുന്നു. ഇതിന്റെ പ്രസക്ത ഭാഗങ്ങൾ കണ്ടതോടെയാണ് കൊറിയൻ സംഘം ആറന്മുളയിലേക്ക് എത്തിയത്. ആറന്മുള കണ്ണാടിക്ക് പുറമെ ഇന്ത്യയിൽ നിന്നും ഒരു പ്രാചീന പരമ്പരാഗതമായ നിർമ്മാണം കൂടി ഇവർ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. മിറാജിലെ സംഗീതോപകരണമായ സിത്താർ നിർമ്മാണമാണത്തിന്റെ ചിത്രീകരണമാണ് നടത്തുന്നത്.
English Summary: A foreign team captured the history and production of Aranmula mirror
You may also like this video