Site iconSite icon Janayugom Online

പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയുടെ തുടർ പ്രവർത്തനങ്ങൾക്കായി നാലംഗ ടാസ്ക്ഫോഴ്സ്

കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയുടെ തുടർ പ്രവർത്തനങ്ങൾക്കായി വ്യവസായ വകുപ്പ് നാലംഗ ടാസ്ക്ഫോഴ്സ് രൂപീകരിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, മാനേജർ ടി ബി അമ്പിളി എന്നിവരാണ് അംഗങ്ങൾ. ഈ സംഘം തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. പദ്ധതി പ്രവർത്തനങ്ങൾക്ക് സമയക്രമം നിശ്ചയിച്ചതായി വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പ്രവർത്തിക്കും. പദ്ധതിയുടെ മാസ്റ്റർ പ്ലാനും വിശദ പദ്ധതി രേഖയും അംഗീകരിച്ചു. രണ്ടു മാസത്തിനുള്ളിൽ ആഗോള ടെൻഡർ ക്ഷണിക്കാനാകും. പ്രോജക്ട് മാനേജ്മെന്റ് കൺസള്‍ട്ടന്റിനെയും നിശ്ചയിക്കും. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ്പ് പദവി നൽകും. വ്യവസായങ്ങൾക്കായി ഏകജാലക സംവിധാനവും നടപ്പാക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള വ്യവസായ ഇടനാഴി വികസന കോർപറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ സംസ്ഥാന ഏജൻസിയായി കിൻഫ്ര പ്രവർത്തിക്കും. 1710 ഏക്കറിലാണ് ക്ലസ്റ്റർ നിലവിൽ വരിക. ഇതിനായി 1759.92 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്.

ഇതേ തുക ഇനി കേന്ദ്ര സർക്കാർ മുടക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കും. മൊത്തം 3815 കോടി രൂപയാണ് പദ്ധതിച്ചെലവ്. കേരളം പ്രാരംഭ നടപടികളെല്ലാം പൂർത്തിയാക്കിയതിനെ തുടർന്നാണ് കേന്ദ്രം അനുമതി നൽകിയതെന്നും ബാക്കി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 59.11 ശതമാനം സ്ഥലം വ്യവസായത്തിന് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയുടെ ആദ്യഭാഗമായ 1139.41 ഏക്കറിൽ 59.11 ശതമാനം സ്ഥലമാണ് (673.42 ഏക്കർ) വ്യവസായത്തിനായി ചെലവഴിക്കുക. 64.83 ഏക്കർ സ്ഥലം റസിഡൻഷ്യൽ ഏരിയയാണ്. റോഡുകൾക്കായി 134.48 ഏക്കറും ഓപ്പൺ സ്പെയ്സായി 37.5 ഏക്കറുമുണ്ടാകും. പ്രദേശത്തെ 8.41 ഏക്കർ ജലാശയം സംരക്ഷിച്ചായിരിക്കും പ്രവർത്തനം. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Exit mobile version