അമ്മയോടൊപ്പം അംഗൻവാടിയിലേക്ക് പോകുന്നതിനിടെ അയൽവാസിയായ യുവാവിന്റെ വെട്ടേറ്റ നാലു വയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പള്ളിക്കവല പാറക്കൽ ജയപ്രകാശ്-അനില ദമ്പതികളുടെ മകൻ ആദിദേവാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ആദിദേവിന്റെ മാതാവ് അനില പുറത്തും തോളിനും വെട്ടേറ്റ പരുക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് അമ്മക്കും മകനും വാക്കത്തിക്കൊണ്ട് വെട്ടേറ്റത്. ജയപ്രകാശിന്റെ അയൽവാസിയും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ആദിദേവിന് ഇടത്തെ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. അദ്യം വയനാട്ടിലെ ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജിതേഷിനെ മേപ്പാടി പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. അയാൾ ഇപ്പോൾ റിമാൻഡിലാണ്. വെട്ടുകത്തിയുടെ അറ്റംകൊണ്ട് തലയിൽ ആഴത്തിലേറ്റ മുറിവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് വിവരം. അമ്മ അനിലയുടെ തോളിനും പുറത്തുമേറ്റ പരിക്കും സാരമുള്ളതാണ്. ക്രൂരകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ച കാര്യമെന്തെന്ന് അയൽവാസികൾക്കും ബന്ധുക്കൾക്കും ഇനിയും വ്യക്തമായിട്ടില്ല. മുമ്പ് ചില അടിപിടി കേസുകളിൽ ഇയാൾ പ്രതിയായിരുന്നതായി പൊലീസ് പറയുന്നു. ആദിദേവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നടപടിക്രമങ്ങൾക്ക് ശേഷം ശനിയാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചു.
English Summary: A four-year-old boy di ed after being stabbed by a neighbour
You may also like this video