കേരളത്തില്‍ ഭേദചിന്ത വളര്‍ത്താൻ ചിലര്‍ ഹീനമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന കാലത്ത് തുടച്ചുനീക്കിയ അനാചാരങ്ങള്‍ വീണ്ടും കൊണ്ടുവരാനുള്ള ബോധപൂര്‍വമായ നീക്കം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ചരിത്ര കോൺഗ്രസിന്റെ പത്താമത് വാർഷിക സമ്മേളനം ഗവ. വനിത കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തരം ഗൂഢനീക്കങ്ങളെ ചെറുത്തുകൊണ്ട് മാത്രമെ നമുക്ക് മുന്നോട്ട് പോകാനാവു. ചരിത്ര സത്യങ്ങളെ വര്‍ത്തമാന സമൂഹത്തിന് പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമായ ഘട്ടമാണിത്. ചരിത്രത്തിന്റെ വക്രീകരണത്തെ എതിർക്കാനുള്ള ഏറ്റവും നല്ല ഉപാധി ചരിത്രസത്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കലാണ്. വര്‍ത്തമാനകാല ഇന്ത്യൻ സാഹചര്യത്തില്‍ ചരിത്രത്തെ വിദ്വേഷ നിര്‍മിതിക്കായി ഉപയോഗിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ സമീപനം ഉണ്ടായിരുന്നു.
സംഘപരിവാർ ഇന്ത്യാ ചരിത്രത്തെ മതാത്മക ചട്ടക്കൂടിലേക്ക് ചുരുക്കുകയാണ്. ഭരണ സംവിധാനങ്ങളുപയോഗിച്ച് അവർ സ്ഥലനാമങ്ങളും ചരിത്ര വസ്തുതകളും ഒരു മതവിഭാഗത്തിന്റേതാക്കി മാറ്റുന്നു. രാജ്യം എവിടേക്ക് നീങ്ങുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. സാമൂഹിക ഐക്യം ഇല്ലാതാക്കി നമ്മെ പരസ്പരം പോരടിക്കുന്നവരാക്കി മാറ്റുകയാണ്. ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ എന്ന മുദ്രാവാക്യം അടിച്ചേൽപിച്ച് കുട്ടികളിലേക്കവർ വേർതിരിവിന്റെ രാഷ്ട്രീയം കുത്തിവയ്ക്കുന്നു. ആർഎസ്എസ് വക്താക്കളെ ചരിത്ര ഗവേഷണ സ്ഥാപനങ്ങളിൽ തിരുകികയറ്റുകയാണ്. ബ്രിട്ടീഷുകാരുടെ അനുസരണയുള്ള അടിമകളായും പാദസേവകരായും നിലകൊണ്ടത് മറയ്ക്കാനാണ് സംഘപരിവാർ ബദൽ ചരിത്രം എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ചരിത്ര കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. വി കാർത്തികേയൻ നായർ അധ്യക്ഷനായി. ഡോ. കെ റോബിൻസൺ ജോസിന്റെ ഇംഗ്ലീഷ് പുസ്തകത്തിന്റെ പരിഭാഷയായ ‘മനുഷ്യാവകാശ പോരാട്ടങ്ങളും ചട്ടങ്ങളും’ വി കെ പ്രശാന്ത് എം എൽഎയ്ക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

