പ്ലാമലക്കുടിയെ വിറപ്പിച്ച് വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ പുലർച്ചയോടെ ഇറങ്ങിയ കാട്ടാനക്കൂട്ടം രങ്കരാജിന്റെ വീടിന്റെ അടുക്കള ഷെഡ്ഡും ഉപകരണങ്ങളും നശിപ്പിച്ചു.തുടർന്ന് കാട്ടാനക്കൂട്ടം ഏലം ഉൾപ്പെടെയുള്ള കൃഷി ദേഹണ്ഡങ്ങളും വ്യാപകമായി പിഴുതു മറിച്ചു. പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചതോടെ ആളുകൾ ഭീതിയിലായി. ജീവനും, സ്വത്തിനും ഭീഷണിയാകുന്ന സ്ഥിതിയാണുള്ളത്. പതിനാലാം മൈലിന് സമീപം തുമ്പിപ്പാറക്കുടിയിൽ രണ്ടാഴ്ചയിലേറെയായി കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്. തുമ്പിപ്പാറക്കുടി ഉന്നതിയിലെ ആളുകൾക്ക് പ്രാണഭയത്താൽ ഊണും ഉറക്കവുമില്ലാത്ത സ്ഥിതി ഇപ്പോഴും തുടരുകയാണ്. അവിടെ പരിക്കേറ്റ നിലയിലുള്ള കുട്ടിക്കൊമ്പനെ സംരക്ഷിക്കാനായി എത്തുന്ന ആനകളാണ് കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.
വിരട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ അക്രമാസക്തമായി ആനകൾ പാഞ്ഞടുക്കുകയാണ്. ആനകൾ ഏലം, തെങ്ങ്, കമുക്, വാഴ അടക്കമുള്ള ലക്ഷക്കണക്കിന് രൂപയുടെ കൃഷി വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കാലമായിട്ട് ആനശല്യം തുടരുകയാണ്. രണ്ട് ആനകൾ കുട്ടിയാനക്കൊപ്പം പ്രദേശത്ത് തമ്പടിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പ്രശ്ന പരിഹാരത്തിന് നടപടിയില്ലെന്നും ഉള്ള ആക്ഷേപമാണ് ഉയരുന്നത്.
മൂന്നാറിൽ നിന്നും കഴിഞ്ഞ ദിവസം ആർആർടി ടീം വന്നു പോയ തൊഴിച്ചാൽ മറ്റ് നടപടികളൊന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിനിടെ വാളറ, ചീയപ്പാറ മേഖലയിൽ ദേശീയ പാതയിൽ രണ്ട് ദിവസമായി കാട്ടാനയുടെ സാന്നിദ്ധ്യം ഉണ്ട്.

