Site iconSite icon Janayugom Online

ഉത്സവത്തിനിടെ ഇടഞ്ഞ കൊമ്പൻ നാടിനെ മുൾമുനയിൽ നിർത്തി; പാപ്പാനെ അടിച്ചു വീഴ്ത്തി

elephantelephant

ഉത്സവത്തിനിടെ ആന ഇടഞ്ഞ് പാപ്പാനെ അക്രമിച്ചു. വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ഞായറാഴ്ച അർധരാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളത്ത് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഇടഞ്ഞ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന ഒന്നാം പാപ്പാൻ വൈക്കം സ്വദേശി എം ടി സുമേഷിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. 

തുടർന്ന് ഇയാളെ ആക്രമിക്കാനുള്ള ശ്രമം മറ്റ് പാപ്പാൻമാർ തടഞ്ഞു. പുറത്തിക്കിറങ്ങിയ ആന പിന്നീട് ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം തകർത്ത് വലിച്ചെറിഞ്ഞു. തുടർന്നങ്ങളോട്ട് മണിക്കൂറുകളോളം ആനയുടെ വിളയാട്ടമായിരുന്നു. അഞ്ച് ഹൈ ടെൻഷൻ വൈദ്യുതി പോസ്റ്റുകൾ തകർത്ത ആന ക്ഷേത്രത്തിലെയും സമീപത്തെയും വൃക്ഷങ്ങൾ നശിപ്പിക്കുകയും കച്ചവട സ്റ്റാളുകൾ വലിച്ചിടുകയും ചെയ്തു. ചുറ്റുമതിൽ തകർത്ത് വിളക്കുകാലുകൾ നശിപ്പിച്ച ആന പാപ്പാൻമാരുടെ അനുയന ശ്രമങ്ങൾക്ക് വഴങ്ങിയില്ല.

പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പ്, എലിഫന്റ് സ്ക്വാഡ് എന്നിവരെത്തി ഒടുവിൽ തിങ്കളാഴ്ച രാവിലെ ഏഴരയോടെ സ്ക്വാഡ് ആനയെ തളച്ചു. ഇതോടെയാണ് നാട്ടുകാരുടെ ഭീതിയകന്നത്. സാരമായി പരിക്കേറ്റ പാപ്പാൻ സുമേഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർത്തതിനാൽ സമീപ പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കാനത്തിൽ ജമീല എംഎൽഎ, നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കെപ്പാട്ട്, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത് എന്നിവർ സ്ഥലത്തെത്തി.

Eng­lish Sum­ma­ry: A horn dropped dur­ing the fes­ti­val put the nation on edge; Papa was beat­en down

You may also like this video

Exit mobile version