Site iconSite icon Janayugom Online

തൃശ്ശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: വി ഡി സതീശൻ

satheesansatheesan

തൃശൂർ പൂരം കലക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ ശ്രമം നടന്ന സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കാഫിർ വിവാദം പോലെ ഗൗരവകരമാണ് പൂരം കലക്കൽ സംഭവമെന്നും അദ്ദേഹം കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെപ്പോലെ ഹൈന്ദവ വികാരം ഇളക്കിവിട്ട് തൃശൂരിൽ ബിജെപിയെ വിജയിപ്പിക്കാൻ ആണ് ശ്രമം നടന്നത്. രാഷ്ട്രീയത്തേക്കാൾ തൃശൂർകാർക്ക് വികാരം പൂരത്തോടാണ്. ഇത് മനസ്സിലാക്കിയാണ് പൂരം കലക്കലിന് നീക്കം നടത്തിയതെന്നും വി ഡി സതീശൻ ആരോപിച്ചു. ഉത്സവം കലക്കി വിജയിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ഹിന്ദുക്കളെ കുറിച്ച് പറയുന്നതെന്ന് ബിജെപിയെ ലക്ഷമിട്ട് സതീശൻ പറഞ്ഞു. 

ഭരണകക്ഷി എംഎൽഎ ആയ അൻവർ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെങ്കിൽ പത്ത് ദിവസമായിട്ടും അദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണെന്ന് വിഡി ചോദിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രഹസനമാണ്. ആർഎസ്എസ് നേതാവ് റാം മാധവും എഡിജിപി എം ആർ അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്നും വി ഡി സതീശൻ പറഞ്ഞു.
ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടമാണ്. സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേത്. രാഷ്ട്രീയം കലർത്താതെ അവർക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ സജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് രേഷ്മ കെ എസ് നന്ദിയും പറഞ്ഞു. 

Exit mobile version