ഗ്രോത സംസ്‌കൃതിയുടെ നേർക്കാഴ്ചയുമായി കേരളീയം ഒരുക്കുന്ന ലിവിങ് മ്യൂസിയത്തിന് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗോത്രദീപം തെളിച്ചു തുടക്കം കുറിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുക്കുന്നത്. കേരള സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക‌്‌ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് കനകക്കുന്നില്‍ ‘ആദിമ ദ ലിവിങ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ആദിവാസികളോടു കുശലം പറഞ്ഞും അവരുടെ തനതു കലകൾ ആസ്വദിച്ചുമാണ് കേരളീയത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ലിവിങ് മ്യൂസിയത്തിന് മുഖ്യമന്ത്രി തുടക്കം കുറിച്ചത്.
കേരളത്തിലെ കാണി, മന്നാൻ, ഊരാളികൾ, മാവിലർ, പളിയർ തുടങ്ങി അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയുമാണ് കേരളീയത്തിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ ഏഴുവരെ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ തന്നെ ആദ്യ ലിവിങ് മ്യൂസിയമാണ് കനകക്കുന്ന് കൊട്ടാരത്തിനു ചുറ്റും കൃത്രിമ കാട് സൃഷ്ടിച്ച് ഒരുക്കിയിട്ടുള്ളത്. അഞ്ചു കുടിലുകളിലായി എൺപതോളം പേർ ഉണ്ട്. ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെ കനകക്കൂന്നിലെ ‘ഊരി‘ലേക്കു സ്വീകരിച്ചത്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ,ആന്റണി രാജു, വി ശിവൻകുട്ടി, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കേരളീയം കൺവീനർ എസ് ഹരികിഷോർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. മായ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഇന്ന് വൈകിട്ട് അഞ്ചുമണി മുതൽ സന്ദർശകർക്കു ലിവിങ് മ്യൂസിയത്തിൽ പ്രവേശിക്കാം. നാളെ മുതൽ ഏഴു വരെ രാവിലെ 10 മുതൽ വൈകിട്ട് 10 വരെയും സന്ദർശകർക്ക് ലിവിങ് മ്യൂസിയത്തിലെ കാഴ്ചകൾ അനുഭവിച്ചറിയാം. ഗോത്ര സംസ്‌കൃതിയുടെ തനിമയാർന്ന ജീവിതം ആവിഷ്‌കരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കാണി, മന്നാൻ, പളിയർ, മാവിലർ, ഊരാളികൾ എന്നീ വിഭാഗത്തിന്റെ പരമ്പരാഗത കുടിലുകൾ അവരുടെ കലാരൂപങ്ങൾ അവരുടെ ജീവിത പശ്ചാത്തലത്തിൽ അവതരിപ്പിക്കും. ചാറ്റ് പാട്ട്, പളിയ നൃത്തം, കുംഭ നൃത്തം, എരുതു കളി, മംഗലംകളി, മന്നാൻ കൂത്ത്, വട്ടക്കളി എന്നീ ഗോത്ര കലകൾ അവയുടെ യഥാർത്ഥ പശ്ചാത്തലത്തിൽ പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോട് കൂടി അവതരിപ്പിക്കും.കേരളീയ അനുഷ്ഠാന കലകളായ തെയ്യം, മുടിയേറ്റ്, പടയണി, സർപ്പം പാട്ട്, പൂതനും തിറയും തുടങ്ങി ഏഴ് അനുഷ്ഠാന കലകൾ അവയുടെ യഥാർത്ഥ പശ്ചാത്തലത്തിൽ അവതരിപ്പിക്കും.
English Summary: A living museum has been prepared at Kanakakunn
You may also like this video