Site iconSite icon Janayugom Online

മദ്യലഹരിയിൽ ട്രാക്കില്‍ കിടന്നുറങ്ങി, കൊല്ലത്ത് യുവാവിനെ വിളിച്ചുണർത്തി ലോക്കോ പൈലറ്റ് ; വെെറലായി വീഡിയോ

കൊല്ലം എഴുകോണിൽ മദ്യലഹരിയിൽ റയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് യുവാവിനെ വിളിച്ചുണർത്തിയത്. അച്ചൻകോവിൽ സ്വദേശി റെജിയാണ് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയത്. എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം.

കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള മെമു ചീരാങ്കാവ് ഇ. എസ്. ഐ. ആശുപത്രിക്ക് സമീപം എത്തിയപ്പോൾ യുവാവ് ട്രാക്കിൽ തലവെച്ചു കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. വേഗത കുറവായിരുന്നതിനാൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റും യാത്രക്കാരും ചേർന്ന് യുവാവിനെ ട്രാക്കിൽ നിന്നും പിടിച്ചുമാറ്റി എഴുകോൺ പോലീസില്‍ ഏൽപ്പിക്കുകയായിരുന്നു.

ജൂണ്‍ ആദ്യവാരത്തിലും സമാനമായ സംഭവം എഴുകോണില്‍ നടന്നിരുന്നു. ട്രാക്കില്‍ മൃതദേഹം കിടക്കുന്നുവെന്ന ലോക്കോ പൈലറ്റിന്‍റെ അറിയിപ്പ് അനുസരിച്ച് സ്ഥലം പരിശോധിക്കാനെത്തിയ പൊലീസ് കണ്ടെത്തിയത് മദ്യപിച്ച ലക്കുകെട്ട യുവാവിനെ ആയിരുന്നു. റെയില്‍വേ ട്രാക്കിന് അപ്പുറത്തുള്ള വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെ ഫിറ്റായി പോയ എഴുകോണ്‍ സ്വദേശിയുടെ മുകളിലൂടെ ട്രെയിന്‍ കടന്നുപോയിരുന്നു. മദ്യപിച്ച് ലക്കുകെട്ട് ട്രാക്കിന് നടുക്ക് തല പോലും പൊങ്ങാതെ കിടന്നതിനാലാണ് യുവാവിന് ജീവന്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരെ റെയില്‍വേ കേസെടുത്തിരുന്നു.

eng­lish summary;A loco pilot wakes up a young man in Kol­lam who was sleep­ing on the track under the influ­ence of alcohol

you may also like this video;

Exit mobile version