Site iconSite icon Janayugom Online

സൈനിക ഘടനയില്‍ വന്‍ മാറ്റം: തിയേറ്റര്‍ കമാന്‍ഡ് രൂപീകരിക്കുന്നു

commandercommander

സൈന്യത്തിന്റെ ഘടനയിലും പ്രവർത്തനരീതിയിലും വന്‍ മാറ്റങ്ങൾക്ക് വഴിയൊരുക്കി തിയേറ്റർ കമാൻഡ് രൂപീകരണം പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കാര്‍ഗില്‍ വിജയ് ദിവസുമായി ബന്ധപ്പെട്ട് കശ്മീരില്‍ നടന്ന രക്തസാക്ഷി അനുസ്മരണത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
കര, നാവിക, വ്യോമ സേനകൾ സ്വന്തം കമാൻഡുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന നിലവിലെ രീതിക്കു പകരം മൂന്ന് സേനകളിലെയും ഘടകങ്ങൾ ഉൾപ്പെടുത്തിയ സംയുക്ത കമാൻഡ് സംവിധാനമാണ് നടപ്പിലാക്കുക. ഓരോ ഭൂപ്രദേശത്തും മൂന്ന് സേനകളുടെയും ആയുധം, ആൾബലം എന്നിവ ഒരു കമാൻഡിലേക്ക് ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. യുഎസ്, ചൈന സേനകൾ തിയേറ്റർ കമാൻഡ് മാതൃകയിലാണ് പ്രവർത്തിക്കുന്നത്.
ഓരോ തിയേറ്റർ കമാൻഡർക്കും കീഴിൽ മൂന്നു വിഭാഗങ്ങളിലെയും സൈന്യം ഉണ്ടായിരിക്കും. നിലവിൽ കര, വ്യോമസേനകൾക്ക് ഏഴു വീതവും നാവികസേനയ്ക്ക് മൂന്നും ഉൾപ്പെടെ 17 കമാൻഡുകളാണുള്ളത്. ആൻഡമാനിൽ മാത്രമാണ് നിലവിൽ സംയുക്ത കമാൻഡ് ഉള്ളത്.
തിയേറ്റര്‍ കമാൻഡിന്റെ നിയന്ത്രണം കരസേനയ്ക്കാണെങ്കിൽ ലഫ്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ചുമതല. വ്യോമസേനയ്ക്കാണെങ്കിൽ എയർ മാർഷലും നാവികസേനയ്ക്കെങ്കിൽ വൈസ് അഡ്മിറലും ചുമതല വഹിക്കും. കര, നാവിക, വ്യോമ സേനാ മേധാവികളും സംയുക്ത സേനാ മേധാവിയും ഉൾപ്പെട്ട സമിതിയുടെ മേൽനോട്ടത്തിലായിരിക്കും തിയേറ്റർ കമാൻഡുകളുടെ പ്രവർത്തനം.
വ്യോമസുരക്ഷാ കമാൻഡിന് വ്യോമസേനയ്ക്കായിരിക്കും നേതൃത്വം. കിഴക്ക്, പടിഞ്ഞാറൻ സമുദ്ര മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നാവിക കമാൻഡിനെ നാവികസേന നയിക്കും. പാകിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാനുള്ള അതിർത്തി മേഖലാ കമാൻഡുകളുടെ നേതൃത്വം കരസേനയ്ക്കായിരിക്കും. ആയുധ സന്നാഹങ്ങൾ കൈകാര്യം ചെയ്യാനുള്ള ലോജിസ്റ്റിക്സ് കമാൻഡ്, സൈനികര്‍ക്ക് പരിശീലനം നല്‍കാനുള്ള ട്രെയിനിങ് കമാൻഡ് എന്നിവയാണ് മറ്റുള്ളവ.
അതേസമയം വ്യോമസേന ഉയര്‍ത്തിയിരുന്ന വിമര്‍ശനങ്ങളും എതിര്‍പ്പുകളും നിലനില്‍ക്കെയാണ് പരിഷ്കരണവുമായി പ്രതിരോധ മന്ത്രാലയം മുന്നോട്ടുനീങ്ങുന്നത്. കമാന്‍ഡ് യാഥാര്‍ത്ഥ്യമാകാന്‍ രണ്ടുവര്‍ഷത്തെ സമയം വേണ്ടിവരും. വന്‍ തോതില്‍ സാമ്പത്തിക ചെലവ് വരുത്തുന്നതുകൂടിയാണ് തിയേറ്റര്‍ കമാന്‍ഡെന്ന് സൈനികരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry: A major change in mil­i­tary struc­ture is the estab­lish­ment of the­ater command

You may like this video also

Exit mobile version