Site icon Janayugom Online

വിറളിപൂണ്ട മോഡിയുടെ വിഭ്രാന്തി പ്രകടനം; ഐടിയുടെ കുപ്രചരണം

ed

പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം തുറുങ്കിലടച്ച് പൂട്ടാനുള്ള എന്‍ഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളെ സാമ്പത്തിക കുറ്റവാളികളായി ചിത്രീകരിക്കുന്നതിന് ആദായ നികുതി (ഐടി) വകുപ്പിന്റെ വ്യാജ നോട്ടീസ് പ്രചരണം. പരാജയഭീതിയില്‍ വിറളിപൂണ്ട നരേന്ദ്ര മോഡിയുടെ വിഭ്രാന്തി പ്രകടമാകുന്ന നടപടികളാണ് കേന്ദ്ര ഏജന്‍സികളില്‍ നിന്നുണ്ടാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണക്കുകളുടെ പേരില്‍ കോണ്‍ഗ്രസിന് നോട്ടീസ് അയച്ച് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആദായ നികുതി വെട്ടിപ്പ് നടത്തിയെന്ന കുപ്രചരണമാണ് അഴിച്ചുവിടുന്നത്. അതോടൊപ്പം പഴയ കേസുകളും ഫയലുകളും കുത്തിപ്പൊക്കി സാമ്പത്തികമായി പൂട്ടാനുള്ള നീക്കവും നടത്തുന്നു. സിപിഐ, സിപിഐ(എം) പാര്‍ട്ടികള്‍ക്ക് കണക്ക് ബോധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് നോട്ടീസ് നല്‍കിയെന്നായിരുന്നു വെള്ളിയാഴ്ച വാര്‍ത്തകള്‍ പുറത്തുവന്നത്.

പ്രചരണം ഗോദി മീഡിയകള്‍ ഏറ്റെടുത്തു. അതുകൊണ്ടുതന്നെ മറ്റ് മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഭീമമായ പിഴയൊടുക്കുവാന്‍ നിര്‍ദേശിച്ചുവെന്ന് കാട്ടി തുകയടക്കമാണ് വാര്‍ത്ത പടച്ചുവിട്ടത്. എന്നാല്‍ സിപിഐക്ക് അത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചിട്ടില്ല. ആന്ധ്രാപ്രദേശിലെ കണക്കുകള്‍ നല്‍കിയതില്‍ പഴയ പാന്‍ കാര്‍ഡ് നമ്പറാണ് ചേര്‍ത്തതെന്ന് കാട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശദീകരണം ചോദിക്കുകയും സാങ്കേതിക പിഴവാണെന്ന് കാട്ടി മറുപടി നല്‍കി തീര്‍പ്പാക്കുകയും ചെയ്തിരുന്നു. ഇത് കണ്ടെത്തിയാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതിന് പുതിയ നോട്ടീസ് നല്‍കിയെന്നും പിഴ ഒടുക്കാന്‍ നിര്‍ദേശിച്ചെന്നുമുള്ള തരത്തില്‍ പ്രചരിപ്പിച്ചത്. സിപിഐ(എം) നും നേരത്തെ ലഭിക്കുകയും മറുപടി നല്‍കുകയും ചെയ്ത നോട്ടീസാണ് പുതിയത് എന്ന പേരില്‍ അവതരിപ്പിച്ചത്. ഇലക്ടറല്‍ ബോണ്ട് കുംഭകോണത്തില്‍ മുഖ്യപ്രതി സ്ഥാനത്തുള്ള ബിജെപി മറ്റുള്ളവരും തങ്ങളും ഒരുപോലെയെന്ന് വരുത്തുന്നതിന് നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഈ കുപ്രചരണം. ഇലക്ടറല്‍ ബോണ്ട് കേസ് സുപ്രീം കോടതിയില്‍ ഉന്നയിച്ചതില്‍ ഇടതുപക്ഷം പ്രമുഖ പങ്കുവഹിച്ചിരുന്നു. ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് ബിജെപിക്കും മോഡി സര്‍ക്കാരിനും ഒരുപോലെ തിരിച്ചടിയായി. സിപിഐ, സിപിഐ(എം) കക്ഷികള്‍ ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവനകളൊന്നും സ്വീകരിക്കുകയും ചെയ്തില്ല. സര്‍ക്കാരിനേറ്റ തിരിച്ചടി മൂടിവയ്ക്കാനാണ് പഴയ കേസുകളും ഫയലുകളും കുത്തിപ്പൊക്കി കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് എതിരെ പ്രചരണം നടത്തുന്നത്.

കോണ്‍ഗ്രസ്, എഎപി പാര്‍ട്ടികള്‍ക്ക് നോട്ടീസ്

കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനും തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെയ്ക്കും ഐടി വകുപ്പിന്റെ നോട്ടീസുകള്‍ ലഭിച്ചതായി ഇരുവരും അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ പതിനൊന്ന് ഐടി നോട്ടീസ് ലഭിച്ചെന്ന് സാകേത് ഗോഖലെ പറഞ്ഞു. നേരത്തെ തീര്‍പ്പാക്കിയ കേസിലാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്ന് ഡി കെ ശിവകുമാറും അറിയിച്ചു.
കോണ്‍ഗ്രസിന് 1823 കോടി രൂപ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ രണ്ട് നോട്ടീസുകള്‍ കൂടി ലഭിച്ചു. 2020–21, 2021 ‑22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടയ്ക്കാനാണ് നിര്‍ദേശമെന്ന് നേതാക്കള്‍ സ്ഥിരീകരിച്ചു.

Eng­lish Summary:A ner­vous per­for­mance by Modi; The hype of IT
You may also like this video

Exit mobile version