Site iconSite icon Janayugom Online

അധികാരത്തിന്റെയും പാപചിന്തയുടെയും നോവല്‍

പേര് കേട്ടപ്പോൾ സ്വാഭാവികമായും സ്വല്പം അലോസരം തോന്നിയെങ്കിലും വായനയിൽ ഒരിടത്തും നെറ്റിചുളിക്കേണ്ടി വന്നില്ല. സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന ചതിയുടെ മറവിൽ കുരുങ്ങിപ്പോവുന്ന പെൺ ജീവിതത്തിന്റെ കഥ! വേറിട്ട ഭാഷയിൽ ആഖ്യാനത്തിന്റെ പുതുവഴികളിൽ നല്ല കൈയൊതുക്കത്തോടെ എഴുത്തിനെ നിയന്ത്രിക്കാൻ നോവലിസ്റ്റിനാവുന്നുണ്ട്.
ചൂടപ്പംപോലെ വിറ്റുപോകാവുന്ന തരത്തിൽ പൈങ്കിളി സാഹിത്യത്തിന്റെയോ രതി സാമ്രാജ്യ ലീലാവിലാസങ്ങളുടെയോ വർണങ്ങൾ എങ്ങും വാരിവിതറിയിട്ടില്ല. എങ്കിൽത്തന്നെയും ഒറ്റയിരുപ്പിൽ വായിക്കാൻ തക്ക ഒഴുക്കും ആകാംക്ഷയും വായനയിൽ ലഭിക്കും. സർഗഭാഷയുടെ കൂട്ടുപിടിച്ച് ഭാഷാതിർത്തികൾ തീർത്തിരിക്കുന്നതും കേമം തന്നെ. തിരണ്ടു കല്യാണവും തീണ്ടാരിക്കുളിയുമൊക്കെ എത്ര സരളമായാണ് പറയുന്നത്. ‘ജൈവീകമായത് ദൈവീകമാണ്’ എന്നും, ‘മേലാകെ കുതിർന്നൊരു പൂവ് മണ്ണിലേക്കിറങ്ങി വരുമ്പോലെ തോന്നി’ എന്നതുമൊക്കെ പൂവിരിയുന്ന സ്വാഭാവികതയുടെ താളമാണ്. 

ശാലിനി എന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ ജീവിതത്തിൽ നിഴലാവുന്ന പ്രണയം! ശാലിനിയിൽ നിന്നും അവൾ രജനിയാകുന്നു. അവസാനം പ്രതികാരത്തിന്റെയും പൊരുതലിന്റെയും അഗ്നി അവളെ കൊണ്ടെത്തിക്കുന്നത് മണിക്കൂറുകൾ വിലയിടുന്ന എലൈറ്റ് അഭിസാരികയായും അധികാരത്തിന്റെ ഇടനാഴിയിലുമാണ്! പാപചിന്തയുടെ പിടിയിൽ നിന്നും രക്ഷപെടാൻ വാരാണാസിയിലുള്ള അഘോരി, ഷബീർ എന്ന കഥാപാത്രം അവളെ കാമ മുക്തി നേടാൻ സഹായിക്കുന്ന കർമ്മമുക്തിയെയും പരിചയപ്പെടാം. അഥർവവേദത്തിന്റെ കാഴ്ചപ്പാടിലാണ് ഷബീർ നീങ്ങിയത് എന്നുപറയുന്നു ണ്ടെങ്കിലും ബുദ്ധമതാനുസാരികയിൽ പറയുന്ന വ്രജയാനം എന്ന സംഗതിയെക്കുറിച്ച് ആണ്ടാൾ ദേവനായകിയിൽ വായിച്ചതോർത്തുപോയി. 

ശരീരത്തിന്റെയും ആത്മാവിന്റെയും ആനന്ദമാർഗത്തിലൂടെ നിർവൃതിയിൽ എത്തിച്ചേരുന്ന കർമ്മമുദ്ര എന്ന താന്ത്രികവിധിപ്രകാരമുള്ള സംയോഗമാണത്. ഷബീർ രജനിക്ക് കൈമാറുന്ന മൃത്യുവും മുക്തിയുമൊന്നാകുന്ന മോക്ഷമാർഗം തന്നെയല്ലേ അതും? വായനയുടെ പുത്തൻ ലോകം നമുക്കു മുന്നിൽ ചുരുളഴിക്കുന്നുണ്ട് ഈ നോവൽ എന്ന് സംശയലേശമന്യേ പറയാം. എഴുത്തുകാരന്റെ ആദ്യനോവൽ എന്ന പരിമിതി ഇതിൽക്കാണുന്നില്ല.

തേവിടിശിക്കാറ്റ്
(നോവലെറ്റ്)
ഡോ: അജയ് നാരായണൻ
വേഡ് കോണർ
വില 120 രൂപ

Exit mobile version