Site iconSite icon Janayugom Online

ഒരു വയസുകാരി സഹിച്ചത് കഠിന വേദന; ഫോളേവേഴ്സിനെ കൂട്ടാനായി ഇൻഫ്ലുവൻസർ അമ്മയുടെ ക്രൂരത

babybaby

സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സിനെ കൂട്ടാനുമായി മകൾക്ക് വിഷം നൽകിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സ്വദേശിനിയെയാണ് അറസ്റ്റ് ചെയ്തത്. മകളുടെ രോഗാവസ്ഥയക്കുറിച്ച് നിരന്തരമായി യുവതി സമൂഹമാധ്യമങ്ങളിൽ വീഡിയോ ചെയ്തിരുന്നു. ഒരു വയസുകാരിയായ മകൾക്ക് മരുന്നുകൾ നൽകിയ ശേഷം കടുത്ത വേദന അനുഭവിക്കുന്നതായുള്ള ദൃശ്യങ്ങൾ യുവതി ചിത്രീകരിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. 

ഒക്ടോബറിലാണ് ഒരു വയസുകാരിയുടെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചത്. നിരന്തരമായി കുട്ടി ചികിത്സ തേടേണ്ടി വരുന്ന അവസ്ഥയായായിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് 34കാരിയായ യുവതി മകൾക്കെതിരെ ചെയ്ത അക്രമ സംഭവങ്ങൾ പുറം ലോകം അറിഞ്ഞത്. കുട്ടിയെ ദുരുപയോഗിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാൻ ശ്രമിച്ചതിനാണ് 34കാരി അറസ്റ്റിലായത്. മനുഷ്യർ എന്തെല്ലാം വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്ന് പുറത്ത് വരുന്നതാണ് പുതിയ സംഭവമെന്നാണ് ക്വീൻസ്ലാൻഡ് പൊലീസ് യുവതിയുടെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചത്. 

ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങൾക്കിടയിൽ ഡോക്ടർമാരുടെ അനുമതി കൂടാതെ നിരവധി മരുന്നുകളാണ് പിഞ്ചുകുഞ്ഞിന് നൽകിയത്. സൺഷൈൻ കോസ്റ്റ് സ്വദേശിനിയാണ് യുവതി. യുവതി തന്റെ വിചിത്ര സ്വഭാവം മറച്ചുവയ്ക്കാനായി തനിക്ക് ലഭിച്ചിരുന്ന മരുന്നുകളും കുട്ടിക്ക് നൽകിയതായാണ് അന്വേഷണ സംഘം കണ്ടെത്തി. ഒക്ടോബർ 15നാണ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ശരീരവേദന മൂലം നിർത്താതെ കരയുന്ന അവസ്ഥയിലായിരുന്നു കുട്ടി. അനാവശ്യ മരുന്നുകൾ കുഞ്ഞിൽ പ്രയോഗിച്ചിട്ടുണ്ടോയെന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തറിയുന്നത്. യുവതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വിശദമാക്കി. 

ഇതിനോടകം കുട്ടിയുടെ പേരിൽ 3226159 രൂപയാണ് യുവതി ഗോ ഫണ്ട് മീ ഡൊണേഷൻ മുഖേന സ്വരുക്കൂട്ടിയത്. മറ്റ് ആളുകൾക്ക് കുട്ടിക്കെതിരായ അതിക്രമത്തിൽ പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. 

Exit mobile version