Site iconSite icon Janayugom Online

മട്ടന്നൂരില്‍ വളർത്തുനായയെ കൊന്നുതിന്നത് പുലി; ഭീതിയിൽ നാട്ടുകാര്‍

മട്ടന്നൂരിന് സമീപം തോലമ്പ്രയിൽ വളർത്തുനായയെ കൊന്നുതിന്നത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് ഇക്കാര്യം ഉറപ്പായത്. ഇതോടെ നാട്ടുകാരുടെ ആശങ്ക വർധിച്ചു.
മാലൂർ തോലമ്പ്ര താറ്റിയാട് സ്വദേശി ജോസിന്റെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെയാണ് കഴിഞ്ഞ ബുധനാഴ്ച വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തിയത്. കൂട്ടിൽ നിന്ന് നായയെ പിടികൂടി കണ്ണവം വനമേഖലയിൽപ്പെട്ട പുരളിമലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് പുലി ഭക്ഷിച്ചത്.

വിമർശനമുയർന്നതിനെത്തുടർന്ന് നിലവിൽ വനാതിർത്തിയിൽ പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. നായയുടെ ജീർണിച്ച ജഡം ഭക്ഷിക്കാൻ പുലി വീണ്ടും എത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. പുലിയെ കൂട്ടിൽ അകപ്പെടുത്തിയാൽ ആറളത്തെ ആർ ആർ ടി (റാപ്പിഡ് റെസ്‌പോൺസ് ടീം) ആശുപത്രിയിലേക്ക് മാറ്റി ആവശ്യമെങ്കിൽ ചികിത്സ നൽകിയശേഷം ഉൾക്കാട്ടിൽ തുറന്നു വിടാനാണ് തീരുമാനം.

Exit mobile version