ജീവിതപ്രതിസന്ധികളുടെ മുറ്റത്തു ചെന്നു നിന്നു സഹതാപമുഖത്തോടെ നിർവ്വഹിക്കപ്പെട്ട, സങ്കടസർവ്വേകളല്ല തിരുനല്ലൂർ കരുണാകരന്റെ കവിതകൾ. തിണ്ണയിലൊപ്പമിരുന്നു കേട്ട, സ്വന്തംപോലനുഭവിച്ച, സഹജീവികളുടെ ജീവിതകാവ്യങ്ങളാണ്. തിരുനല്ലൂരിന് നൂറുവയസു തികയുകയാണ്. പണ്ടത്തെ കല്യാണ ആൽബങ്ങൾ തുറക്കുമ്പോൾ, അമ്പതുകൊല്ലം മുന്നത്തെ വീടുകളും അതിരിലെ മുളങ്കൂട്ടവും വേലിയിൽ പൂത്തുമറിഞ്ഞ വാലൻചെമ്പരത്തിയും നാട്ടുവഴിയും നമ്മൾ ആർത്തിയോടെ നോക്കും.
‘ആ വയലേല തൻ തെക്കേക്കരയ്ക്കെഴും
ആമ്പൽക്കുളത്തിന്നു ചാരെ
കൊച്ചൊരു വീടുണ്ടു, മുറ്റത്തു കണ്ടിടാം
പിച്ചിയും മുല്ലയുമേറെ’
എന്ന് തിരുനല്ലൂർ വരച്ചിട്ട വീടും പരിസരങ്ങളും ഇതുപോലെ ഇന്ന്
ഗൃഹാതുരപ്പെടുത്തുന്നുണ്ട്. അവയുടെ അവസാനശേഷിപ്പുകൾക്കു മീതേ കൂടി ടാറും കോൺക്രീറ്റും വീണു പോയി. തിരുനല്ലൂർ കവിതകൾ വായിക്കുമ്പോൾ, പുഞ്ചയും, താമരക്കുളങ്ങളും, കായലുമടങ്ങിയ, ഇന്ന് കെട്ടുകഥയായിത്തുടങ്ങിയ കേരളത്തിന്റെ മനോഹരഗ്രാമീണപ്രകൃതി പഴയ ഫോട്ടോയിലെന്ന പോലെ വീണ്ടും നമുക്കു കാണാം. നാട്ടുവഴിയിൽ പൊട്ടിച്ചൂട്ടുമായി നടക്കുകയാണ് ഗൃഹാതുരമായി ഒരു കാലം.
കുഗ്രാമമനുഷ്യരെന്നു തമാശയിൽ ഒരു സിനിമ പങ്കുവച്ച വാക്കാണ് ‘ബ്ലഡി ഗ്രാമവാസീസ്.’ വയലുകളിലും ഫാക്ടറികളിലും ചോര നീരാക്കിയ, ആധുനികതകൾക്ക് അന്നമൂട്ടിയ, വിപ്ലവങ്ങൾക്കു നട്ടെല്ലായ, പലപ്പൊഴും ചരിത്രം മറന്നു കളയുന്ന ആ ഗ്രാമവാസികളാണ് തിരുനല്ലൂർ കവിതകളിലെ വീരനായികമാരും, നായകൻമാരും. അവർ തൊണ്ടു തല്ലിയും, ഞാറു നട്ടും, പുഞ്ചകൊയ്തും ദാരിദ്ര്യപ്പെട്ട് ഉപജീവനം ചെയ്തു. പക്ഷേ, അവരുടെ ആശയങ്ങൾക്ക് ദൃഢതയും ചിന്തകൾക്ക് തെളിച്ചവുമുണ്ടായിരുന്നു.
തിരുനല്ലൂർ കവിതകൾ സചേതനങ്ങളും, അചേതനങ്ങളുമായി അനേകമനേകം സ്ത്രീസ്വത്വങ്ങളെ ആവിഷ്ക്കരിച്ചു. സഹജസ്നേഹത്തോടൊപ്പം, ചതിയും, കീഴടങ്ങലും പോരാട്ടവും എല്ലാമടങ്ങുന്ന യഥാർത്ഥജീവിതപരിസരങ്ങളെ തുറന്നു കാട്ടി. നമ്രമുഖിയായി പ്രണയമയിയായി, മരണവും, അന്നദായിനിയായി കളിവഞ്ചിക്കൺ മുനകളുള്ള കായലും, അഭയകാരിണിയായി, കുഞ്ഞിനെപ്പോലെ താലോലിച്ചുറക്കുന്ന രാത്രിയും ആ കവിതകളിൽ പെൺമുഖമണിഞ്ഞു. മറുവശത്ത് കൊയ്ത്തുവാളുമായി നീതി ചോദിക്കാനിറങ്ങിയ കൊച്ചുകിടാത്തികൾ, ജൻമിത്തത്തെ വിറകൊള്ളിച്ചു. ഇതിഹാസസ്ത്രീകൾ മുഖപടങ്ങളില്ലാതെ വന്നു നിന്നു.
എന്നാൽ വ്യാജസ്തുതിയാൽ പൂമൂടിക്കൊണ്ട്, പെണ്ണിനെ പുണ്യവതിയാക്കുന്ന കാപട്യം തിരുനല്ലൂർകവിതയിലില്ല. ‘സ്ത്രീ‘യെന്ന സൗജന്യം പറ്റി, സർവസാഹചര്യങ്ങളിലും കുറ്റവിമുക്തരാക്കപ്പെട്ട കണ്ണീർക്കഥാപാത്രങ്ങളല്ല ആ പെണ്ണുങ്ങൾ. മനുഷ്യസഹജമായ സകലദൗർബല്യങ്ങളുമുള്ള സാധാരണജന്മങ്ങൾ! അതിൽ വാത്സല്യനിധികൾ മുതൽ തന്ത്രജ്ഞകളായ അധികാരമോഹികൾ വരെയുണ്ട്. ഉത്സവത്തിന് ഉറിയടിമത്സരം നടത്താനും വിവാഹസദ്യയ്ക്ക് കഷണം മുറിയ്ക്കാനും മരണവീട്ടിൽ ചിതയൊരുക്കാനും രോഗിയെ ആശുപത്രിയിലെത്തിക്കാനും ഒരു പോലെ ഓടി നടക്കുന്ന നാട്ടിലെ ഒരുകൂട്ടം ചെറുപ്പക്കാരുണ്ട്. ഒരു നാടിന്റെ സ്പന്ദനമാണവർ. ഒരുമിച്ചാണവരുടെ സന്തോഷങ്ങളും, സങ്കടങ്ങളുമെല്ലാം. ഇതുപോലെ സ്വന്തം നാട്ടിൽ ആദ്യമായി തീവണ്ടി പായുമ്പോൾ, അയൽവക്കക്കായലിൽ നെൽകൃഷിയ്ക്കു പദ്ധതിയുണ്ടായ് വരുമ്പോൾ, അനീതിയ്ക്കെതിരെ ചോദ്യവുമായി അശരണർ ഉയിർത്തു വരുമ്പോൾ ആനന്ദം കൊള്ളുന്ന, അവർക്കൊപ്പം തോളോടുതോൾ ചേർന്നു നിൽക്കുന്ന ഒരു നാട്ടുകാരനെ തിരുനല്ലൂർ കവിതയിൽക്കാണാം.
‘ഉത്സവമാണിന്നെന്റെ നാട്ടുകാർക്കെല്ലാം, തമ്മിൽ മത്സരിക്കുന്നൂ നവാഹ്ലാദവുമുത്സാഹവും’ എന്ന് കവിമനസ് തുള്ളിച്ചാടുന്നത്, തങ്ങൾ നിർമ്മിച്ച പാലത്തിലൂടെ ആദ്യത്തെ ആവിവണ്ടി കൂവിയെത്തുമ്പോഴാണ്. കുന്നുകൾ അറഞ്ഞൊതുക്കി, കായലിൽ ചിറകെട്ടി, കാരുരുക്കിനെയും ഉരുക്കി വീഴ്ത്തുന്ന വേനലിനോടു പൊരുതിയാണ് കാത്തുകാത്തവസാനം ഈ ജയം നേടിയത്. കാളവണ്ടികൾ മാത്രമിഴഞ്ഞു നീങ്ങിയ തങ്ങളുടെ നാടിന്റെ ഹൃദയനാഡിയിലൂടെ പുരോഗതിയിലേയ്ക്ക് ചൂളം വിളിയുമായി ആദ്യത്തെ തീവണ്ടി കുതിച്ചെത്തുമ്പോൾ, കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വൃദ്ധർക്കുമൊപ്പം ഉദ്വേഗത്തിന്റെ ആകാംക്ഷയുടെ മധുരമായ കാത്തിരിപ്പിന്റെ സന്തോഷനിമിഷങ്ങൾ പങ്കിടുകയാണ്. പ്രകൃതിയെ പൂമാതാവായി ഹൃദയത്തിലിരുത്തുമ്പൊഴും വികസനവിരോധിയായ സൗന്ദര്യാസ്വാദകനല്ല തിരുനല്ലൂരിലെ കവി. നല്ല നാളെകൾക്കായി, കൃഷിയും ഗതാഗതവും വിദ്യാഭ്യാസവും മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയറിഞ്ഞ, പച്ചമനുഷ്യൻ.
കായംകുളംകായലിൽ നെൽകൃഷി ചെയ്യുമ്പോഴും ഇതേ ആവേശോത്സാഹങ്ങൾ അദ്ദേഹത്തിൽ കാണാം. ‘അധ്വാനമൊരു മധുരമാം ലഹരിയായ’നുഭവിച്ച ഒരു തലമുറയുടെ വാക്കുകളാണ് ഈ കവിത. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിൽ ആർത്തിരമ്പുന്ന തിരകളുടെ കരിങ്കോട്ടകൾ തകർത്ത്, പുതുനെല്ലിൻ ചെമ്പവിഴത്തുരുത്തുകൾ ഉയർത്തുന്ന ഉത്സാഹികൾ.
‘അധ്വാനത്തിന്നഴകലതല്ലിടുമാക്കായലിന്നൊരത്യുജ്വലസന്ദേശം; ഒരുൽക്കടാവേശം’ ആ കായൽവിള നൽകിയ അത്യുജ്വലസന്ദേശം മിന്നുമരിവാളുകളുടേതാണ്, ചിന്നിയ മനുഷ്യവിയർപ്പിന്റെയാണ്. സർവോപരി നെൽക്കതിരും അതുകൊയ്യുമരിവാളും ഒന്നു ചേർന്ന നമ്മുടെയീക്കൈകളുടേതാണ്. ഇന്ന് റോഡും കൂറ്റൻകെട്ടിടങ്ങളും പാലങ്ങളും നാട്ടിലേറെയായി. പുരോഗതിയുടെ ആദ്യകാലാവേശങ്ങൾ ഇന്നുണ്ടോ? നമ്മുടെ നാടെന്ന ഈ വികാരം ഇതുപോലനുഭവിക്കാനാവുന്നുണ്ടോ? നാട്ടിലൊരു റോഡ്, ഒരു പള്ളിക്കൂടം ഇതിലെല്ലാം ഒരുമിച്ചുത്സാഹിച്ച ആഘോഷിച്ച ഒരു കാലം! മലയെ, കായലിനെ, കുന്നുകളെ, വികസനങ്ങൾക്കു തടസമായുള്ള, വെട്ടിനിരപ്പാക്കേണ്ട ശത്രുപക്ഷമായല്ല തിരുനല്ലൂർ കവിത ദർശിക്കുന്നത്. തങ്ങൾക്കൊപ്പം വഴങ്ങിയുമിണങ്ങിയും കനിഞ്ഞും സഞ്ചരിക്കേണ്ട സഹചാരിയായാണ്. മംഗലത്തിൻ മലർപ്പെണ്ണേ,യെന്നരുമയായി വിളിച്ചു കൊണ്ട് ഓടനാടിന്നോമനയായ് കായലിനെ കുടിവെയ്ക്കുകയും കൂടി ചെയ്യുന്നു ഈ കവിതയിൽ.
ഇതിലെക്കായലിന്റെ സൗന്ദര്യവശം മറ്റൊരു കാഴ്ചപ്പാടു കൂടി പങ്കുവെക്കുന്നുണ്ട്. ഒരു മഹാകുറുമ്പിപ്പെണ്ണാണ് ഈ കായൽ.
നീലക്കല്ലുമാല നിറമാറിൽ ഉയർന്നു താഴുന്ന, ഏറെ നേർത്ത ഉടയാടയഴിഞ്ഞുലഞ്ഞ,
“പ്രേമഭാവവിവശയായ് മേവുമീ മദാലസയാം
ശ്യാമയാളെ നോക്കി നിൽക്കാനെന്തൊരാനന്ദം! ”
ജലമെന്ന ജീവരാശിയുടെ പിറവിമുറിയെ സ്ത്രീഭാവത്തിൽ കാണുകയാണല്ലോ ഉചിതം. അഴകിന്റെ അളവുകോലുകളിൽ വെണ്ണ തോൽക്കുമുടലും, പാൽനിറവുമെല്ലാമാണ് ഇന്നും മുഖ്യതാരങ്ങൾ. പക്ഷേ തൊട്ടാൽ വിരൽ താഴ്ന്നു പോവുന്ന സമ്പന്നമാംസളതയല്ല, വിയർത്തു പണിയെടുത്തുറച്ച, ദാരിദ്ര്യം കാരിരുമ്പുറപ്പു നൽകിയ പെൺമേനികളാണ് ഈ കവിതകളിൽ പ്രത്യക്ഷപ്പെടുന്ന സൗന്ദര്യങ്ങൾ. കറുത്ത സുന്ദരികളാണ് കവിയുടെ പ്രിയനായികമാർ. നിറത്തിന്റെ, വംശത്തിന്റെ, ജാതിയുടെ പേരിൽ മനുഷ്യനെ വേർതിരിക്കുന്ന സങ്കുചിതമനോഭാവങ്ങൾ ഇന്നും മുറിവേൽപ്പിക്കുന്ന ലോകത്ത്, തിരുനല്ലൂരിന്റെ ‘ശ്യാമയാളെ നോക്കി നിൽക്കാനെന്തൊരാനന്ദം.’
മരണത്തെ മോഹിനിയായ മാരകപ്രണയിനിയായി ചിത്രീകരിച്ച കവിതയാണ്, ശ്യാമസുന്ദരി. ഇവിടെയും സുന്ദരിയ്ക്ക് ശ്യാമവർണമാണ്. കണ്ണും കാതുമില്ലാത്ത ഘോരരൂപിയായ, ഭയകാരിണിയായ കൃത്യാഭഗവതിയായല്ല മരണദേവത ഇതിൽ പ്രത്യക്ഷപ്പെടുന്നത്.
മരണത്തിന്റെ സ്ത്രീമുഖം പ്രണയത്തിന്റെ ശ്രീമുഖമായി മാറുന്ന വിസ്മയരംഗമാണിത്. ഇവിടെ മരണം രതിസന്നദ്ധയായി, തന്നിലലിയാൻ ജീവിതത്തെ ക്ഷണിക്കുകയാണ്. ഒരു മഴക്കാലരാത്രിയിൽ, അഭിലാഷിണിയായി അവൾ കവിയ്ക്കു മുന്നിൽ വന്നു, തീർത്തും അപ്രതീക്ഷിതമായി. ആ തമോമയസൗന്ദര്യത്തിലേക്ക്,
എണ്ണ വറ്റിത്തീരാറായ മൺവിളക്ക് കണ്മിഴിക്കുന്നു.
“ഇളയരാപ്പൂവിന്റെ മണവും രാപ്പാടി തൻ കളഗാനവും
വേണമായിരുന്നു ഈ രംഗത്തെ മോഹനമാക്കാൻ,
പക്ഷേ ഒരു നായയുടെ ദീനമായ കരച്ചിൽ മാത്രമാണ് ചുറ്റും മുഴങ്ങുന്നത്.
ഇടിവാളുകൾ അഗാധാഭ്രകാളിമയ്ക്കുള്ളിൽ
ഇളകും പോലുള്ള ആ
പക്ഷ്മളനേത്രങ്ങളിൽ
അക്ഷമയുടെ കടലിരമ്പുകയാണ്. പ്രക്ഷുബ്ധഹൃദയം പ്രണയഭേരി മുഴക്കുകയാണ്.
“കേവലപ്രണയത്തിൻ തീവ്രമാധുരിയോടെ
ജീവിതേശ്വരീയെന്നു ” കവി മന്ത്രിക്കുന്നു, ആരെയാണ് ജീവിതേശ്വരീ എന്ന് അഭിസംബോധന ചെയ്യുന്നത്? മരണദേവതയെ.
പക്ഷേ അവളോട് തനിക്കൊരുങ്ങുവാൻ അൽപ്പം സാവകാശമാമാവശ്യപ്പെട്ട്, അശുഭദർശനങ്ങളുടെ അമാവാസിക്കു ശേഷം വരാൻ പറഞ്ഞ് യാത്രയാക്കുകയാണ്. അന്ന്, പിറന്ന മണ്ണു തൊടുമ്പോലെ സുഖസ്പർശിനിയായി വരൂ, മണ്ണിലേയ്ക്കൊപ്പം മടങ്ങാമെന്നാണ് വാഗ്ദാനം. ജീവിതരതി മരണരതിയുമായി സംഗമിക്കുന്ന അപൂർവനക്ഷത്രരാശിയിലാണ് ആ ശാന്തിമുഹൂർത്തം. അതിനായുള്ള കാത്തിരിപ്പിൽ എന്തിനാണു ഭയമെന്ന് മരണത്തെ മയപ്പെടുത്തുന്നു, കവിത. അധികാരകേന്ദ്രങ്ങളോട് തങ്ങളാൽ കഴിയുംവിധം കലഹിച്ച സ്ത്രീകഥാപാത്രങ്ങൾ എത്രയോപേരുണ്ട് തിരുനല്ലൂർക്കവിതകളിൽ. ആർക്കു മുന്നിലും വിറയ്ക്കാത്ത ധൈര്യവതികൾ. ഭയന്നു പിൻമാറി നിന്ന ഒരു ജനക്കൂട്ടത്തെ മുഴുവൻ തനിക്കു പിന്നാലെ വരാൻ നിർബ്ബന്ധിതയാക്കി, അങ്കത്തിനിറങ്ങിയ ലോഹാംഗനയാണ് തേവന്റെ കാമുകിയിലെ നീലി. കൊയ്ത്തരിവാളാണ് അവൾക്ക് പ്രതിഷേധായുധം. ആത്മാഭിമാനത്താൽ, സ്വാതന്ത്ര്യബോധത്താൽ, നിർഭയമായ പ്രതികരണശേഷിയാൽ പുരുഷനെക്കാൾ എത്രയെത്രയോ പടികൾ മുന്നിൽ നിൽക്കുകയാണ് നീലിയെന്ന ഈ പെൺപുലി, കവിതയുടെ ചരിത്രത്തിൽ. അതിരാവിലെ പാട്ടു മൂളിക്കൊണ്ട് കാമുകൻ പാടത്തെപ്പണിയ്ക്കായി ഇടവഴിയിലൂടെ പോവുമ്പോൾ, തന്റെ പുൽക്കൂരയിൽ നിന്ന് പിടഞ്ഞെണീറ്റോടി വരുന്ന ഒളിനോട്ടക്കാരിക്കാമുകിയായാണ് നീലി ഈ കവിതയിൽ രംഗപ്രവേശം ചെയ്യുന്നത്. കണ്ടാൽ ‘ഒന്നുമറിയാത്തൊരു പൊട്ടിപ്പെണ്ണ്’ എന്ന ക്ലീഷേ പൈങ്കിളി ആഖ്യാനങ്ങൾക്കു പറ്റിയ ഒരു പെൺകൊടി.
മുല്ലവല്ലിച്ചില്ലകൾക്കു പിന്നിൽ തെല്ലൊളിഞ്ഞ മെയ്യുമായി തന്റെ പ്രണയനായകനെ നീണ്ട കണ്ണാൽ നോക്കി നോക്കി നിൽക്കുന്നതും, അന്തിക്ക് ആറ്റുവക്കിൽ കൂട്ടുകാരികൾക്കൊപ്പം കുളിക്കാനെത്തി, എല്ലാരും തോർത്തിക്കേറിയാലും, കാമുകനെത്തുംവരെ, മുടി ചിക്കിച്ചിക്കി നിൽക്കുന്നതും കണ്ടാൽ അല്ലാതെന്തു തോന്നും! പക്ഷേ പുള്ളിക്കുപ്പായത്തിനുള്ളിൽ പതുങ്ങുന്ന തരുണീഹൃദയം സാക്ഷാൽ പുള്ളിപ്പുലി തന്നെയെന്ന് തുടർരംഗങ്ങൾ തെളിയിച്ചു തരും. മാവിലോമൽപ്പൂ വിരിയിച്ച്, പൂവിലുണ്ണിക്കായ് വളർത്തി, ഉണ്ണിമാങ്ങകളെ മാങ്കനിയാക്കിക്കൊണ്ട് വേനൽ പോയി. പിന്നെ വരുന്നത് കൊടുംകാലവർഷമാണ്. കൊടുങ്കാറ്റും പേമാരിയും പിടിച്ചുലയ്ക്കുന്ന ആ മൺകുടിലിൽ അന്നു നീലി തനിച്ചാണ്. (അച്ഛനമ്മമാർ കൊയ്ത്തിനു ദൂരസ്ഥലത്തേയ്ക്കു പോയതാവാം)
ആ രാത്രിയിൽ മഴ നനഞ്ഞു കേറി വരുകയാണ് കാമുകൻ. തോർത്തെടുത്തു നീട്ടിയതും, തോർത്താൻ നിർദ്ദേശിച്ചതും ഏതോ സ്വപ്നത്തിലെപ്പോലെയാണ്. പക്ഷേ ആറ്റുവെള്ളം കേറാതിരിക്കാൻ, വയലിൽ പണിയ്ക്കു ചെല്ലാൻ ജൻമിയുടെ കൽപ്പന കിട്ടി അങ്ങോട്ടോടുകയാണ് തേവൻ. തൂമ്പാ ചോദിക്കാൻ വന്ന വഴിയാണ്. കോരിച്ചൊരിയുന്ന പേമാരിയിൽ, കുറ്റിരുട്ടത്ത് തമ്പ്രാനെപ്പേടിച്ച് പാടത്തേയ്ക്കോടുന്ന തേവനോട് കാമുകി ഒരു ചോദ്യം ചോദിച്ചു.
‘നിങ്ങളൊക്കെയിങ്ങനായാൽ
എങ്ങനെ നാം രക്ഷ നേടും
വേല ചെയ്യുമെന്നു വെച്ചു
കേവലം പുഴുക്കളോ നാം?
തേവൻ ഞെട്ടിപ്പോയി’ തല്ലു കൊണ്ടു പൊട്ടിയിട്ടില്ലെല്ലുകൾ നിനക്കു നീലീ’ എന്നു പറഞ്ഞു കൊണ്ട് അയാൾ ചോദിക്കുന്നു. എവിടെ നിന്നാണ് നിനക്കീ ധൈര്യം? ഫാക്ടറിയിൽ പോവുന്ന കൂട്ടുകാരികളിൽ നിന്നാണോ ഈ ധൈര്യം കിട്ടിയത്. മറുപടി മുഖമടച്ചൊരടി കിട്ടിയ പോലായിരുന്നു,
“നിങ്ങളെക്കാൾ ധൈര്യമുള്ള
പെൺകിടാങ്ങളുണ്ടവിടെ,
ഒത്തു നിന്നാൽ കൈ വരുന്ന ശക്തി കാണാനുണ്ടവിടെ!
ആ നീണ്ടുനിന്ന വാക് മത്സരത്തിൽ ഏതായാലും അവൾ തന്നെ ജയിച്ചു. അന്നയാൾ വയലിലേയ്ക്കു പോയില്ല. കാമുകിക്കൊപ്പം കഴിഞ്ഞു. പിറ്റേന്ന് വയലിൻ കോണിൽ അൽപ്പം മണ്ണു കേറിയതറിഞ്ഞ് തമ്പുരാൻ കോപിഷ്ഠനായി. തേവനെയും കൂട്ടുകാരെയും തെങ്ങിൽപ്പിടിച്ചുകെട്ടി. വിവരമറിഞ്ഞ്, കൊയ്ത്തു മാത്രം ശീലമുള്ള കൊച്ചു പെൺകിടാങ്ങൾ നീലിയുടെ നേതൃത്വത്തിൽ അരിവാളുമായി പാഞ്ഞു ചെന്നു. മാരിവില്ലു മിന്നലായി മാറുമ്പോലായിരുന്നു ആ പോക്ക്! പേടിച്ചു പിൻമാറി നിന്നവർ ആ നാലഞ്ചു കിടാത്തിമാരെ അനുഗമിച്ചു.
“അപ്പൊഴൊന്നു കാണണമാ
കർഷകക്കിടാത്തിമാരെ
കൊയ്ത്തുവാളാലങ്കമാടും
പുത്തനുണ്ണിയാർച്ചമാരെ ”
പെണ്ണുങ്ങൾ ആ കെട്ടുകളറുത്തു വിട്ടു.
അമ്പരന്നു നിൽക്കുന്ന തേവനെ കൂരമ്പു തോൽക്കും കൺമുനയാലെ നീലിയൊന്നു നോക്കി. എല്ലുറപ്പുള്ള തൊഴിലാളിസ്ത്രീയുടെ ശബ്ദം അവിടെക്കൂടിയവരെല്ലാം കേട്ടു.
‘ജൻമിയൊരാൾ മാത്രമെന്നാൽ
നമ്മളുണ്ടൊരായിരം പേർ
ഉള്ളുറപ്പോടൊത്തു നിന്നാൽ
ഇല്ലെതിർക്കാൻ ധൈര്യമാർക്കും’
ഈ വാക്കുകൾ പറഞ്ഞത്, തഴമ്പുള്ള കൈപ്പടങ്ങളും, കരുത്തുറ്റ തോളുകളും, ബലിഷ്ഠശരീരവുമുള്ള പുരുഷകേസരികളല്ല. കേവലവിദ്യാഭ്യാസം പോലും സിദ്ധിച്ചുകാണാനിടയില്ലാത്ത ഒരു കൊച്ചു പെൺകിടാവാണ്.
സമരപ്രതിജ്ഞ എന്ന കവിതയിൽ, എല്ലുമുറിയെപ്പണിയെടുത്ത്, ഞാറു നട്ടു, കതിരാക്കി, കൊയ്തു കൂട്ടിയ നെല്ലു മുഴുവൻ, പതിവു പതം പോലുമളക്കാതെ, തമ്പുരാൻ അറയിലാക്കുമ്പോൾ, അതുവരെ മൂകരായി നിന്ന തൊഴിലാളികൾ ചെയ്ത ഒരു സമരപ്രതിജ്ഞയുണ്ട്.
ഇളവെന്യേ ചുടുവേർപ്പാൽ ഈ നമ്മൾ പോറ്റിയ വിളവെല്ലാം നാം തന്നെ കൊയ്തെടുക്കും എന്ന ദൃഢപ്രതിജ്ഞ. അതിനോടൊപ്പം കൂട്ടിച്ചേർത്ത മറ്റൊരു വാചകം ഒരു മുന്നറിയിപ്പു കൂടിയാണ്,
‘ഇതുവരെപ്പാടത്തിൽ വീഴ്ത്തിയതല്ലാതെയിനിയുമീ നമ്മളിലുണ്ടു രക്തം!’
അതെ, നാനാവിധകർമ്മമണ്ഡലങ്ങളിൽ അധ്വാനത്താൽ ആവിയാക്കിത്തീർക്കാൻ മാത്രമല്ല തൊഴിലാളിയുടെ ചോര. അവകാശനിഷേധങ്ങൾക്കു മേൽ, അനീതിയ്ക്കു മേൽ, ഉരുൾ പൊട്ടിയൊഴുകാൻ കൂടി വേണ്ടുംവിധം അത് മനുഷ്യന്റെ വീര്യധമനികളിലുണ്ടെന്ന് പ്രഖ്യാപിച്ച, ഉണ്ടാവട്ടെ എന്നാഗ്രഹിച്ച കാവ്യഹൃദയത്തിന് നൂറു ചുവപ്പൻ പിറന്നാളാശംസകൾ!