മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് മരണം . കാറിൽ സഞ്ചരിച്ച ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത് . ഇവരുടെ ബന്ധുക്കളായ ആൽബിൻ, ബെന്നി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാര്‍ പൂര്‍ണമായി തകര്‍ന്നു. മട്ടന്നൂര്‍— ഇരിട്ടി സംസ്ഥാന പാതയില്‍ ഉളിയില്‍ പാലത്തിന് സമീപമാണ് സംഭവം.
കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസ് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയ സമയത്ത് ഇരിട്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മട്ടന്നൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ഏറെ പണിപെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.