Site iconSite icon Janayugom Online

പോരാട്ട വഴിയിലെ പകര്‍ന്നാട്ടങ്ങള്‍

ളിയരങ്ങിലെ പോരാട്ടത്തിന്റെ പ്രതിരൂപങ്ങളാണ് ചോന്നാടികൾ. തന്റേടാട്ടവും പടപ്പുറപ്പാടും പോരിനു വിളിയും യുദ്ധവും കൊണ്ട് അരങ്ങിനെ പ്രകമ്പിതമാക്കുന്ന കരുത്തിന്റെ അടയാളമാണ് ഓരോ ചോന്നാടി കലാകാരനും. കലക്കൊപ്പം ജീവിതത്തിന്റെ അരങ്ങിലും അതിജീവനത്തിനായി പോരാടുന്ന യുവ കലാകാരനാണ് കലാമണ്ഡലം അഖിൽ. താടി വേഷത്തിന്റെ ഭാവി വാഗ്ദാനമായാണ് ഇദ്ദേഹത്തെ ആസ്വാദകർ വിലയിരുത്തുന്നത്.
നർത്തകൻ ടി എസ് സുന്ദരേശന്റെയും ബീനയുടെയും പുത്രനായി 1987 — ൽ കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ തച്ചുപാറ വീട്ടിലാണ് അഖിൽ ജനിച്ചത്. അച്ഛനിൽ നിന്ന് പഠിച്ച നൃത്തത്തിന്റെ ബാല പാഠങ്ങളുമായി പതിമൂന്നാം വയസ്സിൽ കേരള കലാമണ്ഡലത്തിൽ കഥകളി വിദ്യാർത്ഥിയായി. തെക്കൻ കളരിയിൽ പ്രസന്ന കുമാർ, രാജശേഖരൻ, ഗോപകുമാർ, രവികുമാർ എന്നിവരുടെ ശിക്ഷണത്തിലാണ് കഥകളി പഠിച്ചത്. 2004 ൽ കലാമണ്ഡലത്തിലെ പഠനം കഴിഞ്ഞു നാട്ടിൽ എത്തി. കഥകളിക്ക് യാതൊരു വളക്കൂറുമില്ലാത്ത മലയോര ഗ്രാമത്തിൽ നിന്ന് കാര്യമായ പ്രോത്സാഹനം ലഭിച്ചില്ല. മറ്റു തൊഴിലിടങ്ങൾ കണ്ടെത്താൻ നിർബന്ധിതനായപ്പോൾ കഥകളി കളരിയിൽ നിന്നും പഠിച്ച പാഠങ്ങൾ മാറ്റിവച്ച്, സ്വകാര്യ ബസിൽ കണ്ടക്ടറുടെ വേഷത്തിൽ പകർന്നാടിയ നാളുകൾ..! ഒരിക്കൽ ടിക്കറ്റു മുറിച്ചു നൽകുമ്പോൾ യാത്രികരിൽ ഒരാൾ അഖിലിന്റെ കയ്യിൽ കടന്നു പിടിച്ചു. സാക്ഷാൽ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ…! ആ കൂടിക്കാഴ്ച, അഖിലിന്റെ ജീവിതത്തിലെ വഴിത്തിരിവായി.
ഉണ്ണിത്താൻ ആശാൻ അഖിലിനെ ആർഎൽവി കഥകളി കളരിയിൽ എത്തിച്ചു. കൂടാതെ ധാരാളം അരങ്ങുകളിലേക്ക് അവസരം ഒരുക്കിക്കൊടുത്തു. ആർഎൽവിയിൽ 2008- 14 വർഷങ്ങളിൽ കലാമണ്ഡലം ശ്രീകുമാർ, മയ്യനാട് രാജീവ്, പന്മന പ്രശാന്ത് എന്നിവരുടെ ശിക്ഷണത്തിൽ വടക്കൻ സമ്പ്രദായവും പഠിച്ചു. ക്രമേണ ഈ യുവ കലാകാരനെ ആസ്വാദകർ തിരിച്ചറിഞ്ഞു തുടങ്ങി. എല്ലാ വേഷവും ചെയ്യാൻ പ്രാപ്തനെങ്കിലും താടി വേഷത്തിലാണ് അഖിലിനു അവസരം കൂടുതൽ ലഭിച്ചത്. വയലാർ പുതിയ കാവിൽ, കർണ്ണശപഥം കഥയിൽ ദുശാസനനാണ് ആദ്യത്തെ താടി വേഷം. മുതിർന്ന താടിവേഷക്കാരൻ തലവടി അരവിന്ദനാണ് അഖിലിന്റെ ശിരസിൽ കുറ്റിച്ചാമരം ആദ്യമായി ഉറപ്പിച്ചത്. പിൽക്കാലത്ത്, അഖിലിനു നിരന്തരം ലഭിച്ച വേഷമായിരുന്നു ബാലിവധം കഥയിലെ സുഗ്രീവൻ. താടി വേഷത്തിന്റെ പരമാചര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ ബാലിയോടൊപ്പമാണ് അഖിൽ ആദ്യമായി സുഗ്രീവന്റെ വേഷമിട്ടത്. തുടർന്ന് രാമചന്ദ്രൻ ഉണ്ണിത്താൻ, ചാത്തന്നൂർ കൊച്ചു നാരായണ പിള്ള, കലാമണ്ഡലം ബാലകൃഷ്ണൻ, അർക്കന്നൂർ ഗോപാലകൃഷ്ണൻ, കോട്ടക്കൽ ദേവദാസ്, നെല്ലിയോട് വിഷ്ണു നമ്പൂതിരി, കലാമണ്ഡലം ഹരി ആർ നായർ തുടങ്ങി പ്രതാപശാലികളായ ബാലി വേഷക്കാരോടൊപ്പം സുഗ്രീവനായി നിറഞ്ഞാടി. പെൺകരിയുടേയും നിണത്തിന്റെയും അവതരണവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. ത്രിഗർത്തൻ, ദുശ്ശാസനൻ, കിരാതം കാട്ടാളൻ, ബകൻ, നരസിംഹം, വീരഭദ്രൻ, ഭദ്രകാളി, മല്ലൻ, മണ്ണാൻ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ പ്രധാന വേഷങ്ങളായി. നിഴൽക്കുത്തിലെ മന്ത്രവാദിയുടെ വേഷവും സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിക്കാൻ അഖിലിനു സാധിച്ചു. 

കഥകളികൊണ്ടു തന്നെ ജീവിതം പുലർത്താം എന്ന ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴാണ് 2020 മാർച്ചിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ എത്തുന്നത്. ഉത്സവകാലമായതിനാൽ കഥകളി കലാകാരന്മാർ പ്രതിസന്ധിയിലായ സന്ദർഭം. ബുക്കിംഗ് കഴിഞ്ഞ അൻപതോളം അരങ്ങുകൾ അഖിലിനു നഷ്ടമായി. അതിജീവനത്തിനായി മറ്റു തൊഴിൽ മേഖലകളിലേക്ക് മടികൂടാതെ ഇറങ്ങി. കർഷക വേഷവും പെയിന്റിംഗ് തൊഴിലാളിയുടെ വേഷവുമെല്ലാം അണിയാൻ ഇദ്ദേഹം സന്നദ്ധനായി. ഇതിനിടയിൽ ബൈക്ക് യാത്രക്കിടയിൽ സംഭവിച്ച അപകടത്തിൽ കാലിനു പരിക്കേറ്റു. തുടർന്ന് ചികിത്സയുടെ നാളുകൾ… കൃത്യമായ ചികിത്സയിലൂടെ എല്ലാം ഭേദമായി. കളിയും കാര്യവുമായി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് പ്രകൃതിയുടെ ‘കലി‘യാട്ടം. കഴിഞ്ഞ ഒക്ടോബറിൽ കോട്ടയം ജില്ലയുടെ മലയോര മേഖലയെ തകർത്തെറിഞ്ഞ മിന്നൽ പ്രളയത്തിൽ അഖിലിന്റെ പാതിനിര്‍മ്മാണത്തിലെത്തിയ വീടിന് കാര്യമായ കേടുപാട് സംഭവിച്ചു. ചെളിയിൽ മുങ്ങിയ വീട് വൃത്തിയാക്കാനും കേടുപാടുകൾ പരിഹരിച്ച് പണി പൂർത്തിയാക്കാനും മുന്നിട്ടിറങ്ങിയ സൗഹൃദ ഹസ്തങ്ങളെ അഖിൽ നന്ദിയോടെ ഓർമ്മിക്കുന്നു.
ഉത്സവങ്ങളും ക്ലബ് പരിപാടികളും വീണ്ടും സജീവമായതോടെ ഈ കലാകാരന് പ്രതീക്ഷ പകർന്നു കൊണ്ട് അനേകം വേദികളിലേക്ക് ക്ഷണവും ലഭിച്ചിട്ടുണ്ട്. ഭാര്യ നീനുവും മക്കൾ അഭിനവ് സുന്ദറും ആദിദേവും ചേരുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. “കഥകളിയിലെ ഏറ്റവും ഭാരമേറിയ കിരീടവും ശിരസ്സിലേറ്റി രാവെളുക്കുവോളം കളിവിളക്കിനു മുന്നിൽ അധ്വാനിക്കുന്നവരാണ് ചോന്നാടി വേഷക്കാർ. അതിനാൽ ഏതു പ്രതിസന്ധി ഘട്ടത്തേയും തന്റേടത്തോടെ നേരിടാൻ ഞാൻ തയ്യാറാണ് എന്ന് പറയുമ്പോള്‍ അഖിലിന്റെ ശബ്ദത്തിന് ഒരു പോരാളിയുടെ വീര്യം. 

Exit mobile version