Site iconSite icon Janayugom Online

റെയില്‍വേയില്‍ നികത്താതെ മുന്നേകാല്‍ ലക്ഷം ഒഴിവുകള്‍

രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ റെയില്‍വേയില്‍ മുന്നേകാല്‍ ലക്ഷത്തോളം ഒഴിവുകള്‍ നികത്താതെ കിടക്കുന്നു. റെയില്‍വേ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാത്രം 21,837 പുതിയ ഒഴിവുകളുണ്ടായി. ഏറ്റവും താഴെത്തട്ടിലുള്ള ഗ്യാങ്മാന്‍ മുതല്‍ ഉന്നത തസ്തികകളില്‍ വരെയാണ് ഇത്രയും ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

രാജ്യത്തെ 18 സോണുകളിലായാണ് ഇത്രയും ഒഴിവുകളുള്ളത്. നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍ വരുന്ന എഞ്ചിനിയേഴ്സ്, ടെക്നിഷ്യന്‍സ്, ക്ലാര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍, ടിക്കറ്റ് പരിശോധകര്‍ എന്നിവരുടെ ഒഴിവുകളാണ് പ്രധാനമായും നികത്താതെ കിടക്കുന്നത്. 2885 ഗസറ്റഡ് ഒഴിവുകളും, നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍ 31,29,895 തസ്തികകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. പട്ടികജാതി-വര്‍ഗം-ഒബിസി വിഭാഗത്തില്‍ 18,670 തസ്തികകള്‍ ഒഴി‍ഞ്ഞുകിടക്കുന്നു.
38,754 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത നോര്‍ത്തേണ്‍ റെയില്‍വേയാണ് തൊഴില്‍ അന്വേഷകരെ നിരാശരാക്കുന്നത്. വെസ്റ്റേണ്‍ റെയിവേ 36,476, ഇസ്റ്റേണ്‍ 30,141, സെന്‍ട്രല്‍ 28,650 എന്നിങ്ങനെയാണ് മേഖല തിരിച്ചുള്ള ഒഴിവുകള്‍.

പ്രതിവര്‍ഷം നിരവധി പേര്‍ വിരമിക്കുന്ന സാഹചര്യത്തില്‍ ഭാവിയിലും ഒഴിവുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുമെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1,14,886 ജീവനക്കാര്‍ കഴിഞ്ഞ മുന്നു വര്‍ഷത്തിനിടെ പിരിഞ്ഞു പോയി. 2019–20ല്‍ 50,051, 2020–21ല്‍ 46,988, 2021–22ല്‍ 44, 847 പേര്‍ വിരമിച്ചു. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്താന്‍ നീക്കം ആരംഭിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: A quar­ter lakh unfilled vacan­cies in railways

You may also like this video

Exit mobile version