Site iconSite icon Janayugom Online

യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള സമൂഹം കെട്ടിപ്പടുക്കണം: കാനം

kanamkanam

ഒരു കാലത്ത് നമുക്ക് നേടാ‍ന്‍ കഴിഞ്ഞ യുക്തിചിന്തയും ശാസ്ത്രബോധവും സമൂഹത്തിന് നഷ്ടപ്പെടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നാരംഭിച്ച ഉണര്‍വ് വനിതാ മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനം നായനാര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.
പഴയ കാര്യങ്ങളിലേക്ക് തിരിച്ചുപോകാനും ശാസ്ത്രത്തില്‍ നിന്ന് കൂടുതല്‍ അകന്നുപോകാനും ശ്രമം നടക്കുന്നു. സമൂഹം കാലം കഴിയുന്തോറും പുറകോട്ട് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനും, തുല്യമായ അവസരങ്ങളും തുല്യമായ അവകാശങ്ങളുമുള്ള ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാനും ഇതുപോലുള്ള പരിശ്രമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും കാനം പറഞ്ഞു.
ജാതിയും മതവും വര്‍ഗീയതയും സമൂഹത്തില്‍ വലിയ വിപത്തുകളായി വളര്‍ന്നുവരികയാണ്. ഭരണകൂടം തന്നെ ഇത്തരം അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ എങ്ങനെ സമൂഹം നവീകരിക്കപ്പെടും എന്ന പ്രശ്നവും ഉദിക്കുന്നുണ്ട്. ലിംഗസമത്വം മാത്രമല്ല, അവസരസമത്വവും സാമ്പത്തികസമത്വവുമെല്ലാം സമൂഹത്തില്‍ നേടിയെടുക്കേണ്ടതുണ്ട്. പുരുഷമേധാവിത്വ സമൂഹത്തില്‍ ഈ ആശയങ്ങള്‍ നേടിയെടുക്കാന്‍ വളരെ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ സാധിക്കൂ.
ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യതയും നമുക്കുണ്ട്. ജനാധിപത്യം ആരംഭിക്കുന്നത് കുടുംബങ്ങളിലാണെന്ന് പറയാറുണ്ട്. അവിടെയും പുരുഷമേധാവിത്വത്തിന്റെ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരാറുണ്ടെന്ന് കാനം ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും സാമൂഹ്യമുന്നേറ്റത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിലും സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ള എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനകളെന്നും കാനം പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റ് ബിന്ദു രാജന്‍ അധ്യക്ഷയായി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സംസ്ഥാനത്തൊട്ടാകെ നടത്തിയ ജാഥയുടെ അവലോകനം നടത്തി.
മന്ത്രി ജെ ചിഞ്ചുറാണി, സിപിഐ ജില്ലാ സെക്രട്ടറിയും രക്ഷാധികാരിയുമായ മാങ്കോട് രാധാകൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ് ഖാന്‍, ജില്ലാ പഞ്ചായത്തംഗം ഗീതാ നസീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ എം എസ് സുഗൈതകുമാരി, വൈസ് ക്യാപ്റ്റന്‍ വി വി ഹാപ്പി എന്നിവര്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. യു സിന്ധു സ്വാഗതവും ആര്‍ സരിത നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: A ratio­nal and sci­en­tif­ic soci­ety should be built: Kanam

You may like this video also

Exit mobile version