Site iconSite icon Janayugom Online

ആനയെ ട്രാക്ക് ചെയ്യാന്‍ റിസീവറും ആന്റിനയും നല്‍കാതെ കർണാടകം

വയനാട് പടമലയിൽ അജീഷിനെ കൊലപ്പെടുത്തിയ ആനയെ ട്രാക്ക് ചെയ്യാൻ കർണാടക വനം വകുപ്പിൽ നിന്ന് റിസീവറും ആന്റിനയും ആവശ്യപ്പെട്ടങ്കിലും നൽകിയില്ലെന്ന് കേരളം. മോഴയാനയുടെ റേഡിയോ കോളർ ബന്ധിപ്പിച്ച സാറ്റലൈറ്റിന്റെ പാസ്‌വേഡ്‌ മാത്രമാണ്‌ കർണാടകം കൈമാറിയത്‌. ഇതിലൂടെ ആനയുടെ മൂന്നുമണിക്കൂർ ഇടവിട്ടുള്ള നീക്കം മാത്രമേ അറിയാൻ കഴിയൂ.

തണ്ണീർക്കൊമ്പന്റെ റേഡിയോകോളർ പാസ്‌വേഡും കൈമാറിയിരുന്നില്ല. അതുകൊണ്ട്‌ ആന അതിർത്തികടന്ന വിവരം കേരളം അറിഞ്ഞതുമില്ല. റേഡിയോ കോളറുകളുടെ ആന്റിന കൈമാറിയാലേ ആനയുടെ കൃത്യമായ ചലനം നിരീക്ഷിക്കാനാകൂ. ഇത്‌ കൈമാറണമെന്നാവശ്യപ്പെട്ട്‌ കേരളം കർണാടകത്തിന്‌ കത്ത്‌ നൽകിയിരുന്നു. വന്യജീവി വിഭാഗം ചീഫ്‌ കൺസർവേറ്റർ നേരിട്ടും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇടുക്കിയിൽനിന്ന്‌ അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചശേഷം രണ്ട്‌ ആന്റിനകളിലൊന്ന്‌ കേരളം തമിഴ്‌നാടിന്‌ നൽകിയിരുന്നു. അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക്‌ മാറ്റിയശേഷവും ഈ സംവിധാനമുപയോഗിച്ച്‌ രണ്ടുസംസ്ഥാനങ്ങളും ആനയുടെ നീക്കം നിരീക്ഷിക്കുന്നുണ്ട്‌. കർണാടകത്തിലെ വിവിധ സ്വകാര്യ എസ്‌റ്റേറ്റുകളിൽ ശല്യമുണ്ടാക്കുന്ന ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ബന്ദിപ്പൂർ വനമേഖലയിലേക്ക്‌ നാടുകടത്തുകയാണെന്ന പരാതി നേരത്തേ ഉയർന്നിരുന്നു. ഇത്‌ പിടിക്കപ്പെടാതിരിക്കാനായിരിക്കാം കേരളത്തിന്‌ നിരീക്ഷണ സംവിധാനങ്ങൾ കൈമാറാത്തത്‌ എന്ന സംശയവും ബലപ്പെടുന്നുണ്ട്‌.

Eng­lish Sum­ma­ry: A receiv­er and anten­na were not pro­vid­ed to track the elephant
You may also like this video

Exit mobile version