Site iconSite icon Janayugom Online

രാജ്യത്ത് ഉല്‍പ്പാദന മേഖലയില്‍ മാന്ദ്യം പിടിമുറുക്കുന്നു

അമേരിക്കൻ വിപണിയിലെ തിരിച്ചടി രാജ്യത്തെ ഉൽപ്പാദന മേഖലയെ പിടിച്ചുലയ്ക്കുന്നു. യുഎസ് ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കം (താരിഫ്) വർധിച്ചതോടെ നവംബറിലെ ഉൽപ്പാദന സൂചിക (പിഎംഐ) ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിങ് പർച്ചേസിങ് മാനേജേഴ്‌സ് ഇൻഡക്സ് (പിഎംഐ) പ്രകാരമാണ് ഈ വിലയിരുത്തൽ.

ഒക്ടോബറിൽ 59.2 എന്ന ശക്തമായ നിലയിലായിരുന്ന പിഎംഐ നവംബറിൽ 56.6 ആയി കുറഞ്ഞു. സൂചിക 50‑ന് മുകളിൽ തുടരുന്നത് ആശ്വാസകരമാണെങ്കിലും, വളർച്ചയുടെ വേഗം ഗണ്യമായി കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നു. ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയതാണ് തിരിച്ചടിക്ക് പ്രധാന കാരണം. ഇത് ആഗോള വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കുറയാൻ ഇടയാക്കി.

ഏപ്രിലിൽ 10 ശതമാനമായിരുന്ന യുഎസ് തീരുവ, ഓഗസ്റ്റ് ഏഴിന് 25 ശതമാനമായും, ഓഗസ്റ്റ് അവസാനത്തോടെ 50 ശതമാനമായും കുത്തനെ ഉയർത്തുകയായിരുന്നു. ഇതോടെ യുഎസ് വ്യാപാര പങ്കാളികളില്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരുന്നു.

ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവ് (ജിടിആർഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കയറ്റുമതിയിൽ 28.5 ശതമാനം ഇടിവാണുണ്ടായത്. 8.83 ബില്യൺ ഡോളറായിരുന്ന കയറ്റുമതി വരുമാനം 6.31 ബില്യൺ ഡോളറായി ചുരുങ്ങി. സ്മാർട്ട്ഫോണുകൾ, മരുന്നുകൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ 25.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതിനുപുറമെ, തൊഴിലവസരങ്ങൾ കൂടുതലുള്ള രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, സമുദ്രോൽപ്പന്നങ്ങൾ എന്നീ മേഖലകളെയും നികുതി വർധനവ് സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ പാദത്തിൽ രാജ്യം 8.2 ശതമാനം ജിഡിപി വളർച്ച നേടിയിരുന്നെങ്കിലും, അമേരിക്കൻ നയം ഈ നേട്ടത്തിന് മങ്ങലേൽപ്പിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎസിലേക്കുള്ള കയറ്റുമതിയിൽ 9 ശതമാനത്തോളം കുറവ് വന്നതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിലെത്തിയെന്ന് എച്ച്എസ്ബിസി ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുൽ ഭണ്ഡാരി ചൂണ്ടിക്കാട്ടി. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ വിൽപ്പന കൂടിയിട്ടുണ്ടെങ്കിലും അമേരിക്കൻ വിപണിയിലെ നഷ്ടം നികത്താൻ അതിനായിട്ടില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

Exit mobile version