നഗരത്തിലെ മാലിന്യം തരംതിരിച്ച് സംസ്കരിക്കുന്നതിനുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍ആര്‍എഫ്) കല്ലടിമുഖത്ത് ആരംഭിച്ചു. ബെയിലിങ് മെഷിനൊപ്പം അജൈവ മാലിന്യം വൃത്തിയാക്കുന്നതിനുളള ഡീഡസ്റ്റര്‍ മെഷീനും ആര്‍ആര്‍എഫിൽ സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം കംപ്രസ് ചെയ്ത് ബ്ലോക്കുകളാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് ബെയിലിങ് മെഷിനീല്‍ ചെയ്യുന്നത്. ആര്‍ആര്‍എഫ് വഴി പ്രതിദിനം ചുരുങ്ങിയത് 10 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ബെയിൽ ചെയ്ത് വ്യാപ്തി കുറച്ച് ശാസ്ത്രീയമായ സംസ്കരണത്തിന് വാഹനങ്ങളില്‍ നീക്കം ചെയ്യാനാകും. ബെയിൽ ചെയ്ത പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ സാധാരണ വേണ്ടിവരുന്നതിന്റെ മൂന്നിലൊന്ന് വാഹനങ്ങള്‍ മതിയാകും. അജൈവ മാലിന്യം വേര്‍തിരിക്കാനുള്ള കണ്‍വെവര്‍ ബെല്‍റ്റും ആര്‍ആര്‍എഫിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിലവില്‍ ശുചീകരണ തൊഴിലാളികള്‍ മാലിന്യം തരംതിരിക്കാന്‍ പ്രയാസപ്പെട്ടതിന് ഇതോടെ മാറ്റമാകും. മാലിന്യത്തിലെയും പ്ലാസ്റ്റിക്കിലെയും പൊടിയും ചെളിയും നീക്കുന്നതിനുള്ള ഡീഡസ്റ്റര്‍ മെഷീനും ഇവിടെ സജ്ജമാണ്.
വീടുകളിലും നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ഹരിതകര്‍മ്മ സേനയും ശുചീകരണ തൊഴിലാളികളും മെറ്റീരിയല്‍ കളക്ഷന്‍ സെന്ററില്‍ എത്തിച്ച് തരംതിരിക്കുന്നതാണ് നിലവിലത്തെ രീതി. പുതിയ ആര്‍ആര്‍എഫ് വന്നതോടെ തരംതിരിക്കലില്‍ ചെലവഴിച്ചിരുന്ന അധികജോലിയില്‍ ഇളവ് വരും. ചെന്തിട്ട, മണക്കാട് എന്നിവിടങ്ങളിലും ഉടനെ ആര്‍ആര്‍എഫുകള്‍ സ്ഥാപിക്കും. കല്ലടിമുഖത്തെ ആര്‍ആര്‍എഫിന്റെ ഉദ്ഘാടനം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബെയിലിങ് നടത്തുന്നതും പ്രവര്‍ത്തനരീതികളും ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ നേരില്‍ കണ്ട് മനസിലാക്കി. ഡെപ്യൂട്ടി മേയര്‍ പി കെ രാജു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു, കൗണ്‍സിലര്‍മാരായ ആര്‍ ഉണ്ണികൃഷ്ണന്‍, വി എസ് സുലോചനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.