Site iconSite icon Janayugom Online

വി ഡി സതീശൻ പക്ഷത്തിന് തിരിച്ചടി; കെ സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരാൻ ഹൈക്കമാന്റ് ചർച്ചയിൽ ധാരണ

വി ഡി സതീശൻ പക്ഷത്തിന് തിരിച്ചടിനൽകി ഹൈക്കമാന്റ് തീരുമാനം. കെ സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരാൻ ഡൽഹിയിൽ കേരള നേതാക്കളുമായി ഹൈക്കമാന്റ് നടത്തിയ ചർച്ചയിൽ ധാരണയായി. കെ സുധാകരനെ മാറ്റി അടൂർ പ്രകാശിനെയോ ബെന്നി ബെഹനാനെയോ കെ പി സി സി പ്രസിഡന്റാകാൻ ആയിരുന്നു വി ഡി സതീശൻ ഉൾപ്പടെയുള്ള കെ സുധാകരൻ വിരുദ്ധ ഗ്രൂപ്പിന്റെ നീക്കം . എ ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയും ഇവർക്ക് ഉണ്ടായിരുന്നു. എന്നാൽ രമേശ്‌ചെന്നിത്തല ‚കെ മുരളീധരൻ ഉൾപ്പടെയുള്ള വേണുഗോപാൽ ‚സതീശൻ വിരുദ്ധ ചേരി ശക്തമായ നീക്കം നടത്തിയതാണ് തിരിച്ചടിയായത്. 

നേതൃതലത്തിൽ തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നുവെന്നും താൻ ദുർബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ലെന്നും സുധാകരൻ തുറന്നടിച്ചു. തനിക്കും വിഡി സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ യോഗത്തിൽ പറഞ്ഞു. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണത്തെ ശരിവെയ്ക്കും വിധം ചില നേതാക്കൾ മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തിയെന്നും പാർട്ടി ഐക്യം തകർക്കും വിധം ഒരു പ്രസ്താവനയോ നീക്കമോ തന്നിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും സുധാകരൻ യോഗത്തിൽ പറഞ്ഞു. കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നൽകി. മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കമാൻഡ് പൂർണ നിരീക്ഷണം നടത്തുമെന്നും യോഗത്തിൽ നേതൃത്വം വ്യക്തമാക്കി. കെപിസിസി തലത്തിൽ പുനസംഘടന ഉടനുണ്ടാകില്ല. പരാതിയുള്ള ഡിസിസികളിൽ മാത്രം പുനസംഘടന നടത്താനും യോഗത്തിൽ തീരുമാനിച്ചു.

Exit mobile version