തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസം 8 ആം തീയതിയാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വാക്സിനും ആരംഭിച്ചിരുന്നു. പിന്നീട് പേ വിഷബാധ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെൻറിലേറ്ററില്‍ ചികിത്സയിലായിരുന്ന കുട്ടിയിക്ക് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കുട്ടിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ പ്രതിരോധ വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.

