സ്വവർഗ പങ്കാളിക്കൊപ്പം ജീവിക്കാൻ വേണ്ടി ആറുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവതി. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്താണ് സംഭവം. സുരേഷ്–ഭാരതി ദമ്പതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. മുലപ്പാൽ തലച്ചോറിൽ കയറി കുഞ്ഞ് മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, ഭർത്താവ് സുരേഷിനു തോന്നിയ ചില സംശയങ്ങളാണ് സത്യം പുറത്തുകൊണ്ടുവന്നത്. 26കാരിയായ ഭാരതിക്ക് അതേ ഗ്രാമത്തിലെ 22കാരിയായ സുമിത്ര എന്ന യുവതിയുമായി രഹസ്യബന്ധം ഉണ്ടായിരുന്നു. സുരേഷിനും ഭാരതിക്കും മൂന്നാമതൊരു കുഞ്ഞ് ഉണ്ടായതിൽ സുമിത്രക്ക് എതിർപ്പുണ്ടായിരുന്നു. തങ്ങളുടെ ബന്ധത്തിന് കുഞ്ഞ് തടസ്സമാണെന്നും ഇരുവർക്കും തമ്മിൽ കാണാൻ സമയം ലഭിക്കുന്നില്ലെന്നുമായിരുന്നു കാരണം. ഇതിൻ്റെ പേരിൽ നിരന്തരം പ്രശ്നങ്ങളുണ്ടായി. പിന്നാലെ സുമിത്ര കുഞ്ഞിനെ ഒഴിവാക്കണമെന്ന് ഭാരതിയോട് ആവശ്യപ്പെട്ടു. ഇതോടെ ഭാരതി കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
കുഞ്ഞിന് പാൽ നൽകിയ ശേഷം ഭാരതി കുഞ്ഞിൻ്റെ വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. “മുലയൂട്ടുന്നതിനിടെ പാൽ തലച്ചോറിൽ കയറി കുട്ടിക്ക് അനക്കമില്ലാതായി” എന്നായിരുന്നു ഭാരതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. കുഞ്ഞിൻ്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് സുരേഷിനു ഭാരതിയുടെ രഹസ്യ ഫോൺ ലഭിച്ചതോടെയാണു കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്. മരണശേഷം കുഞ്ഞിൻ്റെ കാൽത്തളയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് “ശല്യം ഒഴിഞ്ഞു” എന്ന് ഭാരതി സുമിത്രക്ക് സന്ദേശം അയച്ചിരുന്നു. ഇത് കണ്ട സുരേഷ് പൊലീസിനെ സമീപിച്ചു. സുമിത്രയുടെ നിർദേശപ്രകാരമാണു കുട്ടിയെ ഒഴിവാക്കിയതെന്ന് ഭാരതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇരുവരുടെയും ബന്ധം വ്യക്തമാക്കുന്ന നിരവധി റീലുകളും സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പൊലീസ് ഫോണിൽ നിന്ന് കണ്ടെടുത്തു. തുടർന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

