Site iconSite icon Janayugom Online

സ്കൂട്ടർ ഓടിച്ച പതിനാറു വയസ്സുകാരൻ അപകടത്തിൽ മരിച്ച സംഭവം; കുട്ടിയുടെ അച്ഛനും പ്രതി

സ്കൂട്ടർ ഓടിച്ച പതിനാറു വയസ്സുകാരൻ അപകടത്തിൽ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച ആളും കുട്ടിയുടെ അച്ഛനും പ്രതികൾ. കഴിഞ്ഞ മാസം 29 ന് ചങ്ങനാശ്ശേരി എസ്റ്റേറ്റ് പടിയിലായിരുന്നു സംഭവം. രാത്രി കൂട്ടുകാരനുമൊത്തു അച്ഛന്റെ പേരിലുള്ള സ്കൂട്ടറിൽ സിനിമക്ക് പോയതായിരുന്നു മരണപ്പെട്ട പതിനാറുകാരൻ. എസ്റ്റേറ്റ് പടി ഭാഗത്ത് വച്ച് എതിരെ വന്ന കാർ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കൂടെ യാത്ര ചെയ്ത കുട്ടിക്ക് ഗുരുതര പരിക്കും പറ്റി. 

അപകടം ഉണ്ടാക്കിയ കാറുകാരനൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ അനുവാദം കൊടുത്തതിന്റെ പേരിലാണ് കേരള മോട്ടോർ വാഹന നിയമ പ്രകാരം രജിസ്ട്രേഡ് ഓണറും കുട്ടിയുടെ പിതാവും ആയ ആളും പ്രതി ചേർക്കപ്പെട്ടത്.
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഒരു കാരണവശാലും വാഹനം കൈകാര്യം ചെയ്യാൻ അനുവദിക്കരുതെന്നും അവധിക്കാലമായതിനാൽ മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Exit mobile version