Site iconSite icon Janayugom Online

കൊല്ലത്ത് എഎസ്‌ഐയെ ഇടിവള കൊണ്ട് തലയ്ക്കടിച്ച് സൈനികന്‍

കൊല്ലത്ത് സൈനികനും സഹോദരനും ചേര്‍ന്ന് എഎസ്‌ഐയെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. കഞ്ചാവും എംഡിഎംഎയുമായി പിടിയിലായ പ്രതികളെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയതായിരുന്നു ഇവര്‍. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഇടിവള ഊരിയാണ് സൈനികന്‍ എഎസ്‌ഐയെ തല്ലിച്ചതച്ചത്. കൊറ്റക്കല്‍ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരന്‍ വിഗ്‌നേഷ് (25) എന്നിവരെ ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. സൈനികന്റെയും സഹോദരന്റെയും അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ പ്രകാശ് ചന്ദ്രന് പരിക്കേറ്റു. മുഖത്തും മൂക്കിനും തലയ്ക്കും പരിക്കേറ്റ എഎസ്‌ഐയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്ക് രണ്ട് തുന്നലുണ്ട്.

ഉച്ചയോടെയാണ് കഞ്ചാവും എംഡിഎംഎയും വില്‍പന നടത്താന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടിയത്. ഇവരില്‍ രണ്ടുപേരെ കാണാനാണ് സൈനികനും സഹോദരനും എത്തിയത്. അറസ്റ്റിലായവരെ ജാമ്യത്തില്‍ വിടണമെന്ന് പറഞ്ഞ് ഇവര്‍ സ്റ്റേഷന് പുറത്ത് ബഹളമുണ്ടാക്കി. ഇതോടെ പൊലീസുകാര്‍ ഇരുവരെയും സ്റ്റേഷന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് സൈനികന്‍ കൈയില്‍ കിടന്നിരുന്ന ഇടിവള ഊരി എഎസ്‌ഐയുടെ തലയിലും മുഖത്തും ഇടിച്ചത്. തുടര്‍ന്ന് നിലത്തിട്ട് ചവിട്ടിയ ശേഷം തലയ്ക്ക് സ്റ്റൂളുകൊണ്ടടിച്ചു. മറ്റു പൊലീസുകര്‍ ബലം പ്രയോഗിച്ചാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

Eng­lish sum­ma­ry; A sol­dier hit ASI on the head with a ban­gle in Kollam

You may also like this video;

Exit mobile version