Site iconSite icon Janayugom Online

ടാങ്കില്‍ നിന്ന് കടുത്ത ദുർഗന്ധം; 10 ദിവസം വിദ്യാർഥികളും ജീവനക്കാരും ഉപയോഗിച്ചത് അഴുകിയ മൃതദേഹം കിടന്ന വെള്ളം

പത്ത് ദിവസത്തോളം അഴുകിയ മൃതദേഹം കിടന്ന ടാങ്കിലെ വെള്ളം ഉപയോഗിച്ച് മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ജീവനക്കാരും. ഉത്തര്‍പ്രദേശിലെ മഹാമഹർഷി ദേവരഹ ബാബ മെഡിക്കൽ കോളജിലാണ് സംഭവം. വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് അധികൃതർക്ക് പരിശോധിച്ചത്. തുടർന്ന് ക്ലീനിംഗ് ജീവനക്കാർ അഞ്ചാം നിലയിലുള്ള സിമന്‍റ് ടാങ്ക് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം. പൊലീസിന്‍റെ സാന്നിധ്യത്തിൽ രാത്രി വൈകി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ ഒപിഡിയിലും വാർഡ് കെട്ടിടങ്ങളിലും വെള്ളം എത്തിച്ചത് ഈ ടാങ്കിൽ നിന്നായിരുന്നു എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

സംഭവം പുറത്തുവന്നതിനെത്തുടർന്ന് ദിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് ദിവ്യ മിത്തലിനെ അന്വേഷണ ഉദ്യോഗസ്ഥയായി നിയമിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. രാജേഷ് കുമാർ ബർൺവാളിനെ താൽക്കാലികമായി ചുമതലയിൽ നിന്ന് നീക്കം ചെയ്തു. ചൊവ്വാഴ്ച രാവിലെ പരിശോധന നടത്തിയ ഡി എം ദിവ്യ മിത്തൽ, പൂട്ടിയിടേണ്ടിയിരുന്ന അഞ്ചാം നിലയിലെ ടാങ്ക് തുറന്ന നിലയിലായിരുന്നു എന്ന് കണ്ടെത്തി. പ്രിൻസിപ്പലിനോട് ടാങ്ക് തുറന്നതിനെക്കുറിച്ച് ചോദ്യം ചെയ്യുന്ന ജില്ലാ മജിസ്‌ട്രേറ്റിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ടാങ്ക് സീൽ ചെയ്തിരിക്കുകയാണ്, ടാങ്കറുകൾ വഴി കോളജിൽ പകരം കുടിവെള്ളം എത്തിക്കുന്നത്. ചീഫ് ഡെവലപ്‌മെന്‍റ് ഓഫീസറുടെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു, രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. 10 ദിവസം വിദ്യാർഥികളും ജീവനക്കാരും ഉപയോഗിച്ചത് ഇതേ വെള്ളം; കടുത്ത ദുർഗന്ധം കാരണം ടാങ്ക് തുറന്നു, കണ്ടത് അഴുകിയ മൃതദേഹം, യുപിയിൽ നടപടി

Exit mobile version