Site iconSite icon Janayugom Online

ചെര്‍ക്കള ‑ബദിയടുക്ക റോഡില്‍ ഇടനീരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

ചെര്‍ക്കള — ബദിയടുക്ക റോഡിലെ എടനീരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. മംഗളൂരു നിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് എടനീര്‍, കോരിക്കാര്‍ മൂലയില്‍ അപകടത്തില്‍പ്പെട്ടത്. റോഡിനു കുറുകെ മറിഞ്ഞു വീണ ടാങ്കറില്‍ നിന്നു ഗ്യാസ് ചോര്‍ച്ച ഉള്ളതായി ആദ്യം സംശയം ഉയര്‍ന്നിരുന്നു. ഫയര്‍ ഫോഴ്‌സെത്തി നടത്തിയ പരിശോധനയില്‍ ചോര്‍ച്ച ഇല്ലെന്നു ഉറപ്പാക്കി. 

മുന്നിലെ വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്‌തതിനെ തുടർന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ടാങ്കർ മറിയുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശി ഇൻഡിൽ യാദവ് ആണ് ടാങ്കർ ഓടിച്ചിരുന്നത്. സമീപത്ത് സ്‌കൂൾ അടക്കം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞു. വിവരമറിഞ്ഞ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ എം രാജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. ഇന്നലെ വൈകുന്നേരത്തോടെ ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തി അതിന്റെ ക്യാമ്പിന്‍ വേര്‍പെടുത്തി. തുടര്‍ന്ന് മറഅറൊരു ടാങ്കര്‍ എത്തിച്ച് ഗ്യാസ് അതിലേക്കു മാറ്റുന്ന പ്രവൃത്തി രാത്രിയും തുടരുകയാണ്. 

ചന്ദ്രഗിരി പാലത്തിനു സമീപത്തു റോഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടുള്ളതിനാല്‍ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ടാങ്കര്‍ ലോറികള്‍ അടക്കമുള്ള ചരക്കുവാഹനങ്ങള്‍ കുമ്പള — ബദിയടുക്ക — എടനീർ വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ വാഹനങ്ങള്‍ കാസര്‍കോട് ‑ചെര്‍ക്കള വഴി കടത്തി വിടുകയായിരുന്നു. ഇത് കാസര്‍കോട് നഗരത്തില്‍ കൂടുതല്‍ ഗതാഗത കുരുക്കിനിടയാക്കി.

Exit mobile version