Site icon Janayugom Online

സമുദ്ര സുരക്ഷയ്ക്കു മൂന്നാമതൊരു വിമാനവാഹിനി വേണം: ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എംഎ ഹംപി

INS vikrant

സമുദ്ര സുരക്ഷയ്ക്കു മൂന്നാമതൊരു വിമാനവാഹിനി കൂടി വേണമെന്ന് ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എംഎഹംപി ഹോളി. പുതിയ വിമാനവാഹിനിയ്ക്ക് വേണ്ടി ഇതിനകം നടപടി തുടങ്ങിയതായും പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള ഭരണാനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും ഹംപി ഹോളി പറഞ്ഞു. നാവിക ദിനാചരണത്തോട് അനുബന്ധിച്ചു കമാൻഡ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന ഉയർത്തുന്ന ഭീഷണി ഇന്ത്യയുടെ നാവിക, വ്യോമ, കര സേനകളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പദ്ധതികളെ സ്വാധീനിക്കുന്ന ഘടകമാണെന്ന് ഹംപി ഹോളി പറഞ്ഞു. ചൈനയിൽ നിന്ന് ഇന്ത്യ നേരിടുന്ന ഭീഷണികളും വെല്ലുവിളികളും കണക്കിലെടുത്തു വേണം പ്രതിരോധ സംവിധാനങ്ങൾ കെട്ടിപ്പടുക്കേണ്ടത്. ഇന്ത്യൻ കമ്പനികൾക്ക് വിദേശ കമ്പനികളുമായി ചേർന്ന് മുങ്ങിക്കപ്പലുകൾ നിർമിക്കാൻ തന്ത്രപരമായ സഹകരണത്തിന് അനുമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 24 മുങ്ങിക്കപ്പലുകൾ നിർമിക്കാനാണ് പദ്ധതി. വിദേശരാജ്യങ്ങളിലെ നാവികസേനകളുമായി ചേർന്നു നടത്തുന്ന പരിശീലനങ്ങളും അഭ്യാസ പ്രകടനങ്ങളും ഇന്ത്യൻ നാവിക സേനയ്ക്ക് ഒട്ടേറെ പുതിയ കാര്യങ്ങൾ മനസിലാക്കാൻ സഹായകമാണ്. ലക്ഷദ്വീപിന്‍റെ അടിസ്ഥാന സൗകര്യ വികസനം നാവിക സേനയുൾപ്പെടെ എല്ലാ കേന്ദ്ര ഏജൻസികൾക്കും പ്രധാനപ്പെട്ട കാര്യമാണെന്ന് ഹംപി ഹോളി പറഞ്ഞു. ഇക്കാര്യത്തിൽ നീതി ആയോഗ് താൽപ്പര്യമെടുത്തിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളെ സംബന്ധിച്ചിടത്തോളവും ഇതാണ് സ്ഥിതി. കടൽ‌ വഴിയുള്ള ലഹരികടത്ത് തടയാൻ നാവിക സേനയും ഇതര കേന്ദ്ര,സംസ്ഥാന ഇന്‍റലിജൻസ് ഏജൻസികളും യോജിച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. മയക്കുമരുന്നും എകെ 47 തോക്കുകളുമായി ശ്രീലങ്കൻ ബോട്ട് പിടിയിലായത് ഇതിനെ തുടർന്നാണ്. ചില വിദേശ രാജ്യങ്ങളുടെ സഹകരണവും ഇക്കാര്യത്തിൽ ലഭിക്കുന്നുണ്ടെന്ന് ഹംപി ഹോളി പറഞ്ഞു. 

Eng­lish Sum­ma­ry: A third air­craft car­ri­er is need­ed for mar­itime secu­ri­ty: South­ern Naval Com­mand Chief Vice Admi­ral MA Hampi
You may like this video also

Exit mobile version