Site iconSite icon Janayugom Online

ഇറാനിൽ നിന്നുള്ള മൂന്നാം വിമാനവും ഡല്‍ഹിയിലെത്തി

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള മൂന്നാം വിമാനവും ഇന്ത്യയിലെത്തി. 256 ഇന്ത്യൻ വിദ്യാര്‍ത്ഥികളാണ് മൂന്നാമത്തെ സംഘത്തിലുണ്ടായിരുന്നത്. ഇതോടെ 827 പേര്‍ ഇറാനിൽ നിന്നും തിരിച്ചെത്തി. മലപ്പുറം മുടിക്കോട് സ്വദേശി ഫാദിലയും മടങ്ങിയെത്തിയവരില്‍ ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച രാത്രി മഷാദില്‍ നിന്നുള്ള ആദ്യവിമാനം 290 ഇന്ത്യൻ വിദ്യാര്‍ത്ഥികളുമായി നാട്ടിലെത്തിയിരുന്നു. ഇതില്‍ 190 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഏകദേശം 10,000 ത്തോളം ഇന്ത്യക്കാരാണ് ഇറാനിലുള്ളതായി കണക്കാക്കുന്നത്. ഇതിൽ കൂടുതലും വിദ്യാർത്ഥികളാണ്. നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെ ഇറാനിൽ നിന്ന് ഒഴിപ്പിക്കാൻ സഹായിക്കുമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. 

ഇസ്രയേൽ — ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇറാനിലെ വ്യോമപാതകൾ അടച്ചെങ്കിലും ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനായി പരിമിതമായ രീതിയിൽ വ്യോമപാത തുറന്നു നൽകിയതായി ഡൽഹി ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസെെെനി വ്യക്തമാക്കി. വരുംദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ആസൂത്രണം ചെയ്തേക്കാമെന്നും ഇന്ത്യൻ സർക്കാരുമായി കൃത്യമായ ഏകോപനം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഇന്ത്യക്കുവേണ്ടി ഇറാന്റെ വ്യോമപാത തുറന്നു നൽകിയതിലൂടെ വ്യക്തമാവുന്നതെന്ന് വിദേശകാര്യ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി പറഞ്ഞു.

ടെഹ്റാനിലെ ബെഹെഷ്തി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എംബിബിഎസ് രണ്ടാം സെമസ്റ്റർ വിദ്യാര്‍ത്ഥിനിയാണ് മലയാളിയായ ഫാദില. 2024 സെപ്റ്റംബറിലാണ് പഠനത്തിനായി ഇറാനിലെത്തിയത്. ഫാദിലയെ സ്വീകരിക്കാൻ പിതാവ് മുഹമ്മദ് കച്ചക്കാരൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു. രാത്രി 8.30നുള്ള ഇൻഡി​ഗോ വിമാനത്തില്‍ ഇരുവരും കൊച്ചിയിലേക്ക് മടങ്ങി. മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാൻ അഡിഷണൽ റസിഡന്റ് കമ്മിഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

Exit mobile version