Site iconSite icon Janayugom Online

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യ കുഴിയിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ച സംഭവം; കേസെടുത്ത് പൊലീസ്

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ മാലിന്യ കുഴിയിൽ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ മകൻ റിദാൻ ജാജുവാണ് മരിച്ചത്. ഉച്ചയ്ക്ക് 12:30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന് സമീപമാണ് അപകടമുണ്ടായത്.

ടെർമിനലിന് തൊട്ടടുത്തുള്ള കഫേയിൽ നിന്ന് ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു കുടുംബം. സഹോദരനൊപ്പം കഫെയ്ക്ക് സമീപത്തെ പൂന്തോട്ടത്തിൽ കളിക്കുന്നതിനിടെ കുട്ടിയെ കാണാതായത്. മാതാപിതാക്കൾ സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.

ഈ അന്വേഷണത്തിൽ കുട്ടിയെ പൂന്തോട്ടത്തിന് നടുവിലെ മാലിന്യ കുഴിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനോദയാത്രയ്ക്കായി രാജസ്ഥാനിൽ നിന്നും കേരളത്തിൽ എത്തിയതാണ് കുടുംബം. പൂന്തോട്ടത്തിന് സമീപത്തായി തുറന്ന നിലയിലായിരുന്നു കുഴി. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസ്‌ രജിസ്റ്റർ ചെയ്തു.

Exit mobile version