പുല്ലരിയാൻ പോയ യുവാവിനെ കടുവ ആക്രമിച്ചുകൊന്ന് പാതി ഭക്ഷിച്ചു. വാകേരി കൂടല്ലൂർ മരോട്ടിത്തടത്തിൽ പ്രജീഷി(36)നെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാതിഭക്ഷിച്ച നിലയിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
ക്ഷീരകർഷകനാണ് പ്രജീഷ്. പതിവുപോലെ രാവിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ പുല്ലരിയാൻ പോയപ്പോഴാണ് സംഭവം. ഏറെ വൈകിയും പ്രജീഷിനെ കാണാതായതോടെ അമ്മ ശാരദ അയൽവാസികളോട് വിവരം പറയുകയായിരുന്നു. തുടർന്ന് സഹോദരൻ മജീഷും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് കടുവ സ്ഥലത്തുണ്ടായിരുന്നു. ഇവരെക്കണ്ട് മുരണ്ടുകൊണ്ട് കടുവ സ്ഥലത്ത് നിന്ന് മാറുകയായിരുന്നുവെന്നാണ് വിവരം.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ചെതലയം റെയിഞ്ചിൽ ഇരുളം ഫോറസ്റ്റ് സെക്ഷനിലാണ് പ്രദേശം ഉള്‍പ്പെടുന്നത്. ഇരുഭാഗവും കാപ്പിത്തോട്ടവും മധ്യത്തിൽ പുല്ലുവളർന്നുനിൽക്കുന്ന വയലുമാണ് ഇവിടം.
തലയുടെയും ഇടതുകാലിന്റെയും ഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജില്ലാ കളക്ടറും ഡിഎഫ്ഒയും സ്ഥലത്തെത്തണമെന്നും കടുവയെ വെടിവച്ചുകൊല്ലണമെന്നും ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിച്ചു. വൈകുന്നേരം ആറേമുക്കാലോടെ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം സ്ഥലത്തെത്തി. ആവശ്യങ്ങളിൽ തീരുമാനമെടുത്തതിന് ശേഷമേ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ അനുവദിക്കുകയുള്ളൂവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളിലും പ്രദേശത്ത് പലരും കടുവയെ കണ്ടിരുന്നു. പ്രജീഷ് അവിവാഹിതനാണ്. പരേതനായ കുട്ടപ്പനാണ് പിതാവ്. ജിഷ സഹോദരിയാണ്.
You may also like this video