Site iconSite icon Janayugom Online

പതിമൂന്നുകാരി കുഞ്ഞിന് ജന്മം നല്‍കി; സഹോദരന് 123 വര്‍ഷം തടവ്

പതിമൂന്നുകാരി ഗർഭിണിയായെന്ന കേസിൽ പ്രതിയായ സഹോദരന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി 123 വർഷം കഠിനതടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കീഴിശ്ശേരി സ്വദേശിയായ ഇരുപത്തിനാലുകാരനെയാണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. 2019 നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് 19 വയസ് പ്രായമുള്ള മൂത്ത സഹോദരനായ പ്രതി ബാലികയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു.
ആറുമാസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്. ഇക്കാര്യം ഡോക്ടർ പൊലീസിൽ അറിയിച്ചില്ല. മൂന്നുമാസം കഴിഞ്ഞ് പ്രസവലക്ഷണങ്ങൾ പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മറ്റൊരു ഡോക്ടറുടെ ചികിത്സയിൽ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. 

കുഞ്ഞിനെ ചൈൽഡ് വൈൽഫെയർ കമ്മിറ്റി മുഖേന ദത്ത് നൽകി. ഈ ഡോക്ടറാണ് വിവരം അരീക്കോട് പൊലീസിൽ അറിയിക്കുന്നത്. ഇതോടെ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പൊലീസിലും മജിസ്ട്രേറ്റിന് മുന്നിലും ഗർഭത്തിനുത്തരവാദി സഹോദരനാണെന്ന് മൊഴി നൽകിയിരുന്നു. കേസ് കോടതിയിൽ എത്തിയതോടെ ഒന്ന്, രണ്ട്, മൂന്ന് സാക്ഷികളായ കുട്ടിയും മാതാവും അമ്മാവനും കൂറുമാറി. എന്നാൽ ഡിഎൻഎ ഫലം വന്നതോടെ കുഞ്ഞിന്റെ പിതാവ് പ്രതി തന്നെയാണെന്ന് തെളിഞ്ഞു. പരിശോധന നടത്തിയ ഡയറക്ടർ ഓഫ് ഫോറൻസിക് ലാബ് അസിസ്റ്റന്റിനെ കോടതി മുമ്പാകെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും ചെയ്തു. പ്രതിയായ മകനെ സംരക്ഷിക്കാനാണ് സാക്ഷികൾ കൂറുമാറിയതെന്നും ശാസ്ത്രീയ തെളിവുകൾ കുറ്റകൃത്യം വ്യക്തമാക്കുന്നുവെന്നുമുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത അതിജീവിത ഗർഭിണിയായതിനെ തുടർന്ന് ചികിത്സ തേടിയ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ തയ്യാറാകാത്ത സ്വകാര്യ ആശുപത്രി ഡോക്ടറെ പൊലീസ് കേസിലെ രണ്ടാം പ്രതിയാക്കിയിരുന്നു. എന്നാൽ ഈ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് ഒന്നാം പ്രതിക്കെതിരെയുള്ള കേസ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. 16 വയസിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ഇന്ത്യൻ ശിക്ഷാ നിയമം 376 (3), ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ ആക്ട് അഞ്ച് (എൻ), പ്രായപൂർത്തിയാകാത്ത കുട്ടിയെ ഗർഭിണിയാക്കിയതിന് പോക്സോ ആക്ടിലെ അഞ്ച് (ജെ) എന്നീ വകുപ്പുകളിലാണ് ശിക്ഷ. 

ഓരോ വകുപ്പിലും 40 വർഷം വീതം കഠിനതടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടയ്ക്കാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നുമാസം വീതം അധികതടവ് അനുഭവിക്കണം. ഇതിന് പുറമെ ബാല നീതി നിയമപ്രകാരം മൂന്ന് വർഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയടയ്ക്കുകയാണെങ്കിൽ തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചു. മാത്രമല്ല സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിക്ക് നിര്‍ദേശവും നൽകി. കോടതി ശിക്ഷ വിധിച്ചശേഷം വിധിപ്പകര്‍പ്പില്‍ ഒപ്പിടുവിക്കാനായി ഓഫിസിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചത് പരിഭ്രാന്തി പരത്തി. കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്യിലെ മുറിവ് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിച്ച വിവരം.

Exit mobile version