Site iconSite icon Janayugom Online

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം വിധിച്ച് കോടതി

കൊല്ലത്ത് പന്ത്രണ്ടുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി ജെയ്മോനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. നിരവധി പോക്സോ കേസുകളിൽ പ്രതിയാണ് ജെയ്മോന്‍. കുട്ടിയുടെ അമ്മയും സമാന കേസിൽ ശിക്ഷിക്കപ്പെട്ട് തമിഴ്നാട് ജയിലിലാണ്.

ആര്യങ്കാവ് കുളിർകാട് എസ്റ്റേറ്റിൽ മാതാവിനോടൊപ്പം കഴിഞ്ഞ് വന്നിരുന്ന കുട്ടിയെ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ജെയ്മോൻ 2016 മുതലാണ് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയത്. അമ്മയുടെ സഹായത്തോടെ തമിഴ്നാട്ടിൽ ഉൾപ്പെടെ എത്തിച്ചു പീഡിപ്പിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 2018ൽ കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് തെന്മല പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version