Site iconSite icon Janayugom Online

മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കും

AgircultureAgirculture

കർഷകരുടെ വരുമാന വർധനയും കാർഷികോല്പാദനക്ഷമതയും ഉറപ്പാക്കുന്നതിനായി മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കും. കൃഷി അടിസ്ഥാനമാക്കി മൂല്യവർധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കൽ, തദ്ദേശീയമായും ദേശീയമായും അന്തർദേശീയമായും വിപണന ശൃംഖല വികസിപ്പിച്ചെടുക്കൽ തുടങ്ങിയവയ്ക്കായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഷൻ രൂപീകരിക്കുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.
കാർഷിക മേഖലയിലെ പ്രധാന നേട്ടങ്ങൾ, നിലവിലുള്ള അവസരങ്ങൾ, വിടവുകൾ, നയം, വിപണി, സങ്കേതിക വശങ്ങൾ, എന്നിവ പരിഗണിച്ച് പ്രത്യേകം ഇടപെടേണ്ട മേഖലകൾ കണ്ടെത്തി മൂല്യവർധിത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് മിഷന്റെ പ്രവർത്തനരീതി. ഇതിനായി പ്രത്യേക വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിക്കും. കാർഷിക വ്യവസായം, സാങ്കേതികവിദ്യ, വിജ്ഞാന ശേഖരണം, അവയുടെ ഉപയോഗം, വിപണനം, ധനകാര്യം തുടങ്ങിയ മേഖലകളിലൂന്നിയാകും വർക്കിങ് ഗ്രൂപ്പുകൾ പ്രവർത്തിക്കുക.
സമാഹരണ പ്രവർത്തനങ്ങൾ, സ്റ്റാൻഡഡൈസേഷൻ, ഗുണനിലവാര നിയന്ത്രണം, ബ്രാൻഡിങ്, ലേബലിങ് എന്നിവ ഉറപ്പുവരുത്തും.
ദ്രുതഗതിയിലുള്ള വിജ്ഞാന വ്യാപനം, പ്രശ്ന പരിഹാരം എന്നിവ ഉറപ്പാക്കുന്ന നൂതന ഗവേഷണ പ്രവർത്തനങ്ങൾക്കായി ഒരു കോമൺ നോളജ് പ്ലാറ്റ്ഫോം ഇതിന്റെ ഭാഗമായി രൂപപ്പെടുത്തും. വിപണന, മൂല്യവർധിത മേഖലകളിലെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും (കൃഷി, വ്യവസായം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ) പദ്ധതികൾ, കിഫ്ബി, കേര, ആര്‍കെഐ, ആര്‍ഐഡിഎഫ് തുടങ്ങിയവ ഇതിനായി ഉപയോഗപ്പെടുത്തും.
മുഖ്യമന്ത്രി അധ്യക്ഷനായും കൃഷി, വ്യവസായ മന്ത്രിമാർ ഉപാധ്യക്ഷന്മാരായും, ധനകാര്യ, തദ്ദേശ സ്വയംഭരണ, സഹകരണ, ജലവിഭവ, മൃഗസംരക്ഷണ, ഫിഷറീസ്, വൈദ്യുതി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിമാർ അംഗങ്ങളുമായുള്ള ഗവേണിങ് ബോഡിയും, ഓരോ മേഖലയ്ക്കായി കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായുള്ള വിദഗ്ധ സംഘങ്ങളുടെ വർക്കിങ് ഗ്രൂപ്പുകളും വിഭാവനം ചെയ്തിട്ടുണ്ട്. മിഷന് സംസ്ഥാന തലത്തിൽ കോ-ഓർഡിനേറ്ററും ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഉണ്ടാകും. 

Eng­lish Sum­ma­ry: A Val­ue Added Agri­cul­ture Mis­sion will be formed

You may also like this video

Exit mobile version