മണ്ണിലാദ്ധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളിയാണ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനും മാനവവിമോചന പോരാട്ടത്തിന്റെ പാതയിലുള്ള ഏവർക്കും കണ്ണും കരളുമായി പതിറ്റാണ്ടുകൾ നിലകൊണ്ട വിപ്ലവസൂര്യനാണ് അണഞ്ഞിരിക്കുന്നത് — മന്ത്രി പറഞ്ഞു.
പുഴുക്കൾക്ക് തുല്യമായി ജീവിതം നയിക്കേണ്ടി വന്നവരായിരുന്നു കേരളത്തിലെ അദ്ധ്വാനവർഗ്ഗ ജനത. അവർ ആത്മാഭിമാനത്തിന്റെ ചെങ്കൊടി നെഞ്ചിലേറ്റി നടത്തിയ പോരാട്ടത്തിലാണ് തുല്യതയുടെയും സമഭാവനയുടെയും ഇടങ്ങൾ തുറന്നുകിട്ടിയത്. ആ പോരാട്ടചരിത്രത്തിലെ സുവർണ്ണ നാമധേയമായിരുന്നു സഖാവ് വി എസ്. കേരളത്തെ ചുകപ്പിച്ച ചരിത്ര പോർമുഖങ്ങളിലെ ഉജ്ജ്വലനായകനെന്ന നിലയിൽ സഖാവ് വി എസിന്റെ പേര് എന്നും ഈ മണ്ണിൽ അനശ്വരമായിരിക്കും — പ്രിയസഖാവിന് റെഡ് സല്യൂട്ട് അർപ്പിച്ചുകൊണ്ട് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

