Site iconSite icon Janayugom Online

എയർ ഇന്ത്യ വിമാനത്തിൽ യുവതിക്ക് തേളിന്റെ കുത്തേറ്റു

Air IndiaAir India

എയർ ഇന്ത്യ വിമാനത്തിൽ യുവതിക്ക് തേളിന്റെ കുത്തേറ്റു. കഴിഞ്ഞ മാസം നാഗ്പൂരില്‍ നിന്ന് മുംബെെയിലേക്കുള്ള എയര്‍ ഇന്ത്യ യാത്രയ്ക്കിടെ യുവതിക്ക് തേളിന്റെ കടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ യുവതി ചികിത്സ തേടുകയും ചെയ്തെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയ്ക്ക് ശേഷം യുവതിയെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ എയർലൈൻ പ്രൊട്ടോക്കോൾ പ്രകാരം വിമാനത്തിൽ പരിശോധന നടത്തി അണുനശീകരണ പ്രവൃത്തികൾ നടത്തിയതായും എയർ ഇന്ത്യ അറിയിച്ചു.
ഡ്രൈ ക്ലീനിങ് അടക്കമുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നവരോട് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ എയർ ഇന്ത്യ നിർദേശം നൽകി. വിമാനത്തിനകത്തേക്ക് എത്തുന്ന സാധനങ്ങൾ വഴിയും തേൾ വിമാനത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം എല്ലാ സംവിധാനങ്ങളിലും അണുനശീകരണം നടത്തുമെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നേരത്തെയും വിമാനത്തിൽ ഇത്തരം ജീവികളെ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. ദുബായിൽ ലാൻഡ് ചെയ്തപ്പോഴായിരുന്നു ഇത് കണ്ടെത്തിയത്.
കഴിഞ്ഞ വർഷം നവംബറിൽ ലാന്റിംഗിനിടെ യുനൈറ്റഡ് വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. വിമാനത്തിലെ യാത്രക്കാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി. ഫ്‌ളോറിഡയിലെ ടാംപ സിറ്റിയിൽ നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള വിമാനത്തിലാണ് അപ്രതീക്ഷിതമായി പാമ്പ് പ്രത്യക്ഷപ്പെട്ടത്. സംഭവം ഉടൻ തന്നെ നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ട് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.

eng­lish sum­ma­ry: A woman was stung by a scor­pi­on on an Air India flight

you may also like this video:

Exit mobile version