Site iconSite icon Janayugom Online

ട്രെയിനിൽ എസ്​ ഐ വേഷത്തിൽ യാത്രനടത്തിയ യുവാവ്​ അറസ്റ്റിൽ

ട്രെയിനിൽ എസ്​ ഐ വേഷത്തിൽ യാത്രനടത്തിയ യുവാവ്​ അറസ്റ്റിൽ. തിരുവനന്തപുരം രോഹിണിഭവനിൽ അഖിലേഷിനെയാണ്​ (30) റെയി​ൽവേ പൊലീസ് പിടികൂടിയത്​. തിരുവനന്തപുരം-ഗുരുവായൂർ​ ചെന്നൈ എഗ്​മോർ ട്രെയിനിൽ ഇന്ന് പുലർച്ചയാണ്​ സംഭവം. ട്രെയിൻ കായംകുളം സ്​റ്റേഷൻവിട്ടപ്പോൾ ട്രെയിനിൽ പരി​ശോധന നടത്തിയ റെയിൽവേ പൊലീസ്​ സംഘം യൂണിഫോമിൽ കണ്ടയാളെ സല്യൂട്ട്​ ചെയ്​​തപ്പോൾ തിരിച്ചുണ്ടായ പ്രതികരണത്തിൽ തോന്നിയസംശയമാണ്​ പിടികൂടാൻ കാരണം. ചോദ്യചെയ്യപ്പോൾ തൃ​ശൂരിലേക്ക്​ പോകുകയാണെന്നും ഇരിങ്ങാലക്കുട സ്​റ്റേഷനിലെ എസ്​ ഐയാണെന്നും പറഞ്ഞു. 

തൊപ്പിയടക്കമുള്ള വേഷത്തിനൊപ്പം പൊലീസിന്റെ ഔദ്യോഗികചിഹ്​നവുമുണ്ടായിരുന്നു. യൂണിഫോമിൽ പേരുമുണ്ടായിരുന്നു. അന്വേഷണത്തിൽ ഇത്​ കളവാണെന്ന്​ തിരിച്ചറിഞ്ഞതോടെ ആലപ്പുഴ റെയിൽവേ പൊലീസ്​ സ്​റ്റേഷനി​ലേക്ക്​ എത്തിച്ചു. തുടർന്ന്​ എസ്​ഐ കെ ബിജോയ്കുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്തപ്പോഴാണ്​ തൃശൂരിൽ പിഎസ്​സി പരീക്ഷയെഴുതാൻ പോയതാണെന്ന്​ സമ്മതിച്ചത്​. ചെറുപ്പം മുതൽ പൊലീസിൽ ചേരാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ടെസ്റ്റ്​ എഴുതിയെങ്കിലും പാസായില്ല. 

അത്​ സഫലമാക്കാനാണ്​ പൊലീസ്​ വേഷം ധരിച്ച് ട്രെയിനിൽ​ യാത്രചെയ്​തതെന്നാണ്​ പറയുന്നത്​. അതേസമയം, യൂണിഫോം ദുരുപയോഗം നടത്തിയോയെന്നതടക്കമുള്ള കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന്​ ​റെയിൽവേ ​പൊലീസ്​ പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക ചിഹ്​നവും വേഷവും ധരിച്ച്​ മറ്റ്​ കാര്യങ്ങൾക്ക്​ ഉപയോഗിച്ചു​വെന്ന കുറ്റങ്ങൾ ചുമത്തിയാണ്​ കേസെടുത്തത്​.

Exit mobile version