ബംഗ്ലാദേശില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധമടിച്ചശേഷം പണം നല്‍കാന്‍ വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ കാറിടിപ്പിച്ച് കൊന്നു. രാജ്ബാരി ജില്ലയിലാണ് സംഭവം. 30 കാരനായ റിപ്പൺ സാഹ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഡെയ്‌ലി സ്റ്റാർ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അബുൽ ഹാഷിം എന്ന സുജൻ (55), ഡ്രൈവർ കമൽ ഹൊസൈൻ (43) എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) യുടെ രാജ്ബാരി ജില്ലാ മുൻ ട്രഷററും ജുബോ ദാൽ ജില്ലാ മുൻ പ്രസിഡന്റുമാണ് ഹാഷിം. ഗോലാണ്ട മോറിലെ കരീം ഫില്ലിങ് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു സാഹ. വെള്ളിയാഴ്ച പുലർച്ചെ കറുത്ത എസ്‌യുവി ഫില്ലിങ് സ്റ്റേഷനിൽ എത്തി ഏകദേശം 5,000 ടാക്ക (3710 രൂപ)യ്ക്ക് പെട്രോള്‍ അടിച്ചു. പണം നൽകാതെ ഡ്രൈവർ പോകാൻ ശ്രമിച്ചപ്പോൾ, സാഹ വാഹനം തടഞ്ഞു. എന്നാല്‍ കാർ അദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ച് അതിവേഗം ഓടിച്ച് പോകുകയായിരുന്നു. സാഹ സംഭവസ്ഥത്തുവച്ച് തന്നെ മരിച്ചു.
ബംഗ്ലാദേശില്‍ യുവാവിനെ കാറിടിപ്പിച്ച് കൊന്നു

