നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ റിമാൻഡു ചെയ്തു. ഇരുപത്തിന്നാലുകാരനായ ഐവിന്‍ ജിജോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സിഐഎസ്എഫ് ഉദ്യോഗസ്‌ഥരായ വിനയ്കുമാർ, മോഹൻകുമാർ എന്നിവരെയാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 29 ആം തീയതിവരെ റിമാൻഡ് ചെയ്തത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനയ് കുമാർ ദാസിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥർ അശ്രദ്ധമായി കാറോടിച്ചതാണ് തർക്കത്തിന് തുടക്കം കുറിച്ചത് എന്ന് രണ്ടാം പ്രതി മോഹൻ മൊഴി നൽകി.
ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഐവിന്‍ മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും പുറത്ത് വന്നതോടെയാണ് വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഐവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തു വന്നത്.

