Site iconSite icon Janayugom Online

മലപ്പുറത്ത് യുവാവിന് വെട്ടേറ്റ സംഭവം; പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍

മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച +2 വിദ്യാര്‍ഥി അറസ്റ്റില്‍. പുതുപ്പറമ്പ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി മങ്ങാട്ടുപുലം കോങ്ങാട്ടു വീട്ടില്‍ റാഷിദ് (18) ആണ് പൊലീസ് പിടിയിലായത്. പറപ്പൂര്‍ സ്വദേശി സുഹൈബിനെയാണ് (29) റാഷിദ് ആക്രമിച്ചത്. 

രാത്രി ഒമ്പത് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ സുഹൈബിനെ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കത്തി ഉപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു. വെട്ട് തടുക്കുന്നതിനിടയില്‍ സുഹൈബിന് ഇരു കൈകള്‍ക്കും പരിക്കേറ്റു . വീട്ടിലേക്കോടിയ സുഹൈബിനെ റാഷിദ് പിന്തുടര്‍ന്നും ആക്രമിച്ചു. കൈയ്യിലും കാലിലും പുറത്തുമായി 7 തവണ വെട്ടി. സുഹൈബിനെ ഓടിക്കൂടിയ നാട്ടുകാര്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ സുഹൈബിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം റാഷിദ് പൊലീസില്‍ സ്വമേദയാ കീഴടങ്ങി.

Exit mobile version