Site iconSite icon Janayugom Online

എംഡിഎംഎയുമായി വരുന്നതിനിടെ പൊലീസിനെ കണ്ട് താമരശേരി ചുരത്തില്‍ നിന്ന് ചാടിയ യുവാവ് പിടിയില്‍

പൊലീസ് കൈകാണിച്ച് നിര്‍ത്തിയ കാറില്‍ നിന്ന് ഇറങ്ങിയോടി താമരശേരി ചുരത്തില്‍നിന്ന് താഴ്ചയിലേക്ക് എടുത്തു ചാടി രക്ഷിപ്പെട്ട യുവാവ് പിടിയിലായി. മലപ്പുറം സ്വദേശിയ തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് ആണ് പിടിയിലായത്. ഇയാള്‍ക്ക് മുപ്പതുവയസാണ്. ലക്കിടിയില്‍ വയനാട് ഗേറ്റിന് സമീപം വാഹനപരിശോധനയ്ക്കിടെയാണ് ഷഫീഖ് ചുരത്തില്‍നിന്ന് കൊക്കയിലേക്ക് ചാടി രക്ഷപ്പെട്ടത്. ഇയാളുടെ കാറില്‍നിന്ന് പൊലീസ് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിപ്പോയ ഗോവിന്ദച്ചാമിയെ പിടികൂടുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ജാഗ്രതാനിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയില്‍ വാഹനപരിശോധന നടത്തുകയായിരുന്നു വൈത്തിരി പൊലീസ്. ഈ സമയം ദേശീയപാതയിലൂടെയെത്തിയ കാര്‍ കണ്ട് സംശയം തോന്നി വാഹനത്തിന് കൈകാണിച്ച് റോഡരികിലേക്ക് ഒതുക്കിനിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് വാഹനം പരിശോധിക്കാനൊരുങ്ങവെ കാറിലുണ്ടായിരുന്ന ഷഫീഖ് പെട്ടെന്ന് ഇറങ്ങിയോടി, വയനാട് ഗേറ്റിനും ചുരം പോയിന്റിനും ഇടയില്‍ 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് അപകടകരമായ വിധത്തില്‍ എടുത്തുചാടി.

വീണിടത്തുനിന്ന് എഴുന്നേറ്റ് വനത്തിനുള്ളിലേക്ക് ഓടിയ യുവാവിനെ തേടി വൈത്തിരി, താമരശ്ശേരി പൊലീസും സന്നദ്ധസംഘടനാപ്രവര്‍ത്തകരും പിന്നീട് സ്ഥലത്തെത്തിയ കല്പറ്റ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഉച്ചവരെ തിരച്ചില്‍ നടത്തി. ചാടിയ സ്ഥലത്തുനിന്ന് അരക്കിലോമീറ്ററോളം അകലെയുള്ള ഒരു നീര്‍ച്ചാലിന് സമീപംവരെ യുവാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും എങ്ങോട്ടാണ് പോയത് എന്നതിന് സൂചനകളൊന്നും ലഭിച്ചില്ല.

ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഫലം കണ്ടിരുന്നില്ല. ഇന്ന് രാവിലെ വൈത്തിരി ഓറിയന്റല്‍ കോളേജിന് സമീപമുള്ള കാട്ടില്‍നിന്ന് ഒരാള്‍ പരിക്കുകളോടെ ഇറങ്ങി വരുന്നത് കണ്ട് പരിസരവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്പൊലീസ് സ്ഥലത്തെത്തി ഷഫീഖിനെ കസ്റ്റഡിയിലെടുത്തു. പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയിലേക്കാണ് ഇയാളെ പൊലീസ് കൊണ്ടുപോയിരിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഷഫീഖിന്റെ പേരില്‍ ലഹരിക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Exit mobile version