എ ഐ ക്യാമറയില്‍ അഴിമതി ആരോപിച്ച് പ്രതിപകക്ഷ നേതാവ് വി ഡി സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ചായിരുന്നു ഹർജി. എന്നാൽ സർക്കാർ നിലപാടിന് കോടതിയുടെ അംഗീകാരം ലഭിക്കുകയായിരുന്നു. തെളിവില്ലെന്ന് കോടതി പറഞ്ഞു. യാതൊരു തെളിവും ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല.
കരാറിൽ കോടതി ഇടപെടുന്നില്ല എന്നും അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്.ക്യാമറകൾ സ്ഥാപിക്കുന്നതിനായി കമ്പനികളുമായി ഉണ്ടാക്കിയ കരാർ റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ക്യാമറകളുടെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ അനുമതിയോടെ മാത്രമേ കരാറുകാർക്ക് പണം നൽകാവൂ എന്ന് കോടതി ആദ്യം നിർദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് കരാറുകാർക്ക് ഘട്ടം ഘട്ടമായി പണം കൈമാറുന്നതിന് കോടതി അനുമതി നൽകുകയായിരുന്നു. 2023 ൽ സമർപ്പിച്ച ഹർജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിയത്.

