റേഷന്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും ആധാറുമായി ലിങ്ക് ചെയ്തതിലെ പിഴവില്‍ ആനുകൂല്യങ്ങള്‍ക്ക് പുറത്തായത് രാജ്യത്തെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍. പാവപ്പെട്ടവര്‍ക്കും വയോജനങ്ങള്‍ക്കും റേഷനും ക്ഷേമപെന്‍ഷനും കിട്ടാക്കനിയായി. ക്ഷേമ പദ്ധതികള്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് വഴി പല ഗുണഭോക്താക്കളും ഒഴിവാക്കപ്പെടുകയാണെന്ന് അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ സബ‍്സിഡി പദ്ധതിയാണ് ഇന്ത്യയിലുള്ളത്. എല്ലാ മാസവും 80 കോടി പേരാണ് അരിയും ഗോതമ്പും അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നത്. ബയോമെട്രിക് ഓതന്റിക്കേഷന്‍ ശരിയാകാത്തതിനാല്‍ രാജ്യത്തെ പല കുടുംബങ്ങള്‍ക്കും ഇവ കൈപ്പറ്റാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. 2009 ലാണ് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഐഡി പരിപാടിയായി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവന്നത്. 140 കോടി ജനങ്ങളുടെ വിരലടയാളങ്ങള്‍, കൃഷ‍്ണമണി, ഫോട്ടോകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഇതിന്റെ ഭാഗമായി ശേഖരിച്ചു. 2021-ഓടെ 312 പദ്ധതികള്‍, ഭക്ഷ്യ സബ‍്സിഡികള്‍, പെന്‍ഷനുകള്‍, പ്രസവാനുകൂല്യങ്ങള്‍ തുടങ്ങിയ പൊതു ആനുകൂല്യങ്ങള്‍ ആധാര്‍ അധിഷ‍്ഠിതമാക്കി. ഭക്ഷ്യസബ്സിഡി പ്രകാരം റേഷന്‍ കിട്ടുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഡാറ്റാബേസില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് വിരലടയാളം പരിശോധിക്കണം റേഷന്‍ കടകളിലെ മെഷീനുകളില്‍ വിരല്‍ പതിപ്പിക്കുമ്പോള്‍ ബയോമെട്രിക് പരിശോധന ശരിയായില്ലെങ്കില്‍ റേഷന്‍ അരി ഉള്‍പ്പെടെ ലഭിക്കില്ല.
ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ അടക്കമുള്ള ഡിജിറ്റല്‍ ഐഡി വേണമെന്ന സര്‍ക്കാര്‍ നിബന്ധനയ്ക്കെതിരെ ഗവേഷകരും സന്നദ്ധപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ആധാര്‍ ആരംഭിച്ചിട്ട് ഒരു ദശാബ‍്ദത്തിലേറെയായിട്ടും അതിന് വേണ്ടത്ര ഉത്തരവാദിത്തവും നിയമപരമായ ബാധ്യതകളും ഇല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) അനുസരിച്ച്, നിയമപരമായ ഡിജിറ്റല്‍ ഐഡിയുടെ ചട്ടക്കൂടില്‍ ഇതെല്ലാം ആവശ്യമായ കാര്യങ്ങളാണ്. ആധാര്‍ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അവകാശവാദങ്ങള്‍ക്ക് നേരെ വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സന്നദ്ധസംഘടനയായ മസ‍്ദൂര്‍ കിസാന്‍ ശക്തി സംഘാതന്‍ പ്രവര്‍ത്തകനായ നിഖില്‍ ഡേ പറഞ്ഞു. ആധാര്‍ അധിഷ‍്ഠിത പ്രാമാണീകരണം പരാജയപ്പെടുന്നതിന്റെ വിശദീകരണം ഉപയോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നില്ല. വിവരങ്ങള്‍ പുതുക്കാന്‍ മാത്രമാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ വിവരങ്ങള്‍ പുതുക്കുന്നത് സ്വന്തം ചെലവിലാണ്. ഡാറ്റ പുതുക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ആഴ‍്ചകളും മാസങ്ങളും എടുക്കുന്നു. ഇത് മൂലം പല ആനുകൂല്യങ്ങളും നഷ‍്ടപ്പെടുന്നതായി സംഘടന പറഞ്ഞു. വാര്‍ധക്യം, ശാരീരിക അധ്വാനം, വൈകല്യം എന്നിവ കാരണം വിരലടയാളം മാറുന്നത് പലപ്പോഴും പ്രശ്നമാകുന്നു. സര്‍ക്കാര്‍ ഡാറ്റാബേസില്‍ ബയോമെട്രിക‍്സ് അപ‍്ഡേറ്റ് ചെയ്യുക പലപ്പോഴും ദുഷ്കരമാണ്, പ്രത്യേകിച്ച് ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക്. പല കാര്യങ്ങളും ലഭിക്കുന്നതിന് അവര്‍ക്ക് തടസങ്ങള്‍ സൃഷ‍്ടിക്കുന്നു.
ആധാര്‍ സമഗ്രമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ വലിയതോതില്‍ ഗുണഭോക്താക്കളെ ഒഴിവാക്കാന്‍ ഇത് കാരണമാകുന്നു, പ്രത്യേകിച്ച് പ്രായമായവരും ദരിദ്രരും-നിഖില്‍ ഡേ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ആധാറില്ലാത്തത് കൊണ്ട് ആരുടെയും സേവനങ്ങള്‍ നിഷേധിക്കാനുള്ള കാരണമാകില്ലെന്ന് 2018ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ എക‍്സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കുകയാണെന്നും വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടി.