Site iconSite icon Janayugom Online

ട്രെയിൻ യാത്രയിൽ ആധാർ പരിശോധന കർശനമാക്കുന്നു; ടിക്കറ്റ് പരിശോധകർ എം ആധാർ ആപ്പ് ഉപയോഗിക്കാൻ റെയിൽവേ ഉത്തരവ്

ട്രെയിൻ യാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ഉറപ്പാക്കണം. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ‑ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നടപടി. കാറ്ററിങ്, ശുചീകരണ വിഭാഗങ്ങളിലെ ജീവനക്കാരുടെ ആധാറും പരിശോധിക്കണമെന്ന് നിർദേശമുണ്ട്. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചുള്ള ആൾമാറാട്ടവും ദുരുപയോഗവും തടയുകയാണ് ഈ നീക്കത്തിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.

പരിശോധനയിൽ ആധാർ കാർഡ് വ്യാജമാണെന്ന് സംശയം തോന്നിയാൽ ഉടൻ റെയിൽവേ സംരക്ഷണ സേനയെയോ പോലീസിനെയോ വിവരം അറിയിക്കണം. നിലവിൽ ടിക്കറ്റ് പരിശോധകർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് എം-ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഭാവിയിൽ ഇത് ടിക്കറ്റ് പരിശോധകരുടെ ടാബുകളിൽ ലഭ്യമാക്കും. ഇന്ത്യയുടെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി വികസിപ്പിച്ച ആപ്ലിക്കേഷനാണ് എം-ആധാർ. ക്യുആർ കോഡ് ഉൾപ്പെടെ പരിശോധിക്കാൻ ഈ ആപ്പിലൂടെ സാധിക്കും. ആധാർ നമ്പർ, പേര്, വിലാസം ഉൾപ്പെടെയുള്ള പ്രധാന തിരിച്ചറിയൽ വിവരങ്ങൾ ആപ്പ് പ്രദർശിപ്പിക്കും. ഓഫ്‌ലൈൻ മോഡിലും ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കും.

Exit mobile version